കോടി ക്ലബ്ബിലെത്തി കോക്രോച്ച് ജനതാ പാർട്ടി; ഇൻസ്റ്റഗ്രാമിൽ ഫോളോവർമാരുടെ എണ്ണം ഒരുകോടി കവിഞ്ഞു

കോടി ക്ലബ്ബിലെത്തി കോക്രോച്ച് ജനതാ പാർട്ടി; ഇൻസ്റ്റഗ്രാമിൽ ഫോളോവർമാരുടെ എണ്ണം ഒരുകോടി കവിഞ്ഞു

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി) കുതിപ്പ് തുടരുന്നു. പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം ഒരുകോടി കവിഞ്ഞു. ചിത്രങ്ങളും ചെറുവീഡിയോകളും ഉൾപ്പെടെ അൻപതോളം പോസ്റ്റുകൾ മാത്രമാണ് ഇതിനകം സിജെപി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

'യുവാക്കൾക്കുവേണ്ടി യുവാക്കളാൽ തിരഞ്ഞെടുക്കപ്പെട്ട യുവാക്കളുടെ രാഷ്ട്രീയ മുന്നണി' എന്നാണ് സിജെപിയുടെ ഇൻസ്റ്റഗ്രാം ബയോവിലുള്ളത്. അഭിജീത്ത് ദിപ്‌കെ എന്ന യുവാവാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പിന്നിൽ. സിജെപിയുടെ സ്ഥാപക പ്രസിഡന്റ് എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. കോക്രോച്ച് ജനതാ പാർട്ടിക്കായി വെബ്‌സൈറ്റും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഇതുവഴി ആർക്കും 'പാർട്ടി'യിൽ ചേരാം.

തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ്, ചലച്ചിത്രപ്രവർത്തകരായ അനുരാഗ് കശ്യപ്, കൊങ്കണ സെൻ ശർമ, ഇഷ ഗുപ്ത, ഫാത്തിമ സന ഷെയ്ഖ് കൊമേഡിയനായ കുനാൽ കമ്ര തുടങ്ങിയവർ ഇതിനകം 'പാർട്ടി'യിൽ 'അംഗത്വ'മെടുത്തിട്ടുണ്ട്.

ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണത്തിൽ നേരത്തേ ബിജെപിയെ, സിജെപി മറികടന്നിരുന്നു. 87 ലക്ഷം ഫോളോവർമാരാണ് ബിജെപിക്കുള്ളത്. നിലവിൽ ഒരുകോടി 8 ലക്ഷം ഫോളോവർമാരുള്ള കോക്രോച്ച് പാർട്ടിയുടെ മുന്നിൽ ഇനിയുള്ളത് കോൺഗ്രസാണ്. ഒരുകോടി 33 ലക്ഷം ഫോളോവർമാരാണ് നിലവിൽ കോൺഗ്രസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിൽ ഫോളോ ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News