CrimeKeralaNews

സഹകരണ ബാങ്കിലെ കവർച്ച: പിന്നിൽ വൻ റാക്കറ്റ്,മൊബൈൽ ബാങ്കിങ്ങിന് സഹായം ചെയ്ത കമ്പനി ജീവനക്കാരേയും ചോദ്യം ചെയ്യും

മലപ്പുറം : മലപ്പുറത്ത് മഞ്ചേരി അർബൻ ബാങ്കിന്‍റെ സെര്‍വര്‍ ഹാക്ക് ചെയ്ത് 70 ലക്ഷം രൂപ തട്ടിയതിനു പിന്നില്‍ വന്‍ റാക്കറ്റെന്ന് അന്വേഷണ സംഘം. നൈജീരിയന്‍ സംഘത്തിന് ഉത്തരേന്ത്യയിലുള്ള ഇടനിലക്കാരില്‍ നിന്നും വലിയ സഹായം ലഭിച്ചു. മൊബൈല്‍ ബാങ്കിങിന് സാങ്കേതിക സഹായം ചെയ്യുന്ന സ്വകാര്യ കമ്പനി ജീവനക്കാരും അന്വേഷണ പരിധിയിൽ വരും.

മലപ്പുറം മഞ്ചേരി അർബൻ ബാങ്കിൽ നിന്നും ഹാക്ക് ചെയ്ത് തട്ടിയെടുത്ത പണം എത്തിയത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ 19 ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക്. അക്കൗണ്ടുകള്‍ മുഴുവന്‍ വ്യാജ പേരുകളില്‍. ഇടനിലക്കാര്‍ ഈ പണം പിന്‍വലിച്ച് നൈജീരിയന്‍ സംഘത്തിന് കൈമാറുകയായിരുന്നു. ദില്ലിയിലെ എ ടി എമ്മില്‍ വച്ച് പണം പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ കേരള പൊലീസിന് ലഭിച്ചു. തങ്ങള്‍ ചെറിയ കണ്ണി മാത്രമാണെന്നാണ് പിടിയിലായ നൈജീരിയന്‍ സ്വദേശികളുടെ മൊഴി.

അടുത്ത ദിവസം ഇവരെ കസ്റ്റഡിയില്‍ വാങ്ങും. ദില്ലി മുംബൈ ബെംഗളൂരു എന്നിവിടങ്ങളിലെ ഇടനിലക്കാര്‍ക്ക് കമ്മീഷന്‍ നല്‍കിയതായി പിടിയിലായ രണ്ട് നൈജീരിയക്കാര്‍ സമ്മതിച്ചിട്ടുണ്ട്. വലിയ റാക്കറ്റ് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ തട്ടിപ്പ് നടക്കാതിരിക്കാനുള്ള കരുതല്‍ നടപടികള്‍ ബാങ്ക് സ്വീകരിച്ചിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത, കൂടുതല്‍ നിക്ഷേപമുള്ളവരാണ് തട്ടിപ്പിന് ഇരകളായത്. ഈ വിവരങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്നും പരിശോധിക്കുന്നുണ്ട്. മൊബൈല്‍ ബാങ്കിങിന് സാങ്കേതിക സഹായം ചെയ്യുന്ന സ്വകാര്യ കമ്പനി ജിവനക്കാരെയും അടുത്ത ദിവസം ചോദ്യം ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button