സിഎംആർഎൽ-എക്സാലോജിക് കേസ്: അന്വേഷണം മുഹമ്മദ് റിയാസിലേക്കും നീളുന്നു; എം.എൽ.എയുടെ അക്കൗണ്ടുകൾ പരിശോധിക്കും

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിലിന്റെ ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണയ്ക്ക് സിഎംആർഎല്ലിൽനിന്ന് ലഭിച്ച പണം എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇഡിയുടെ നീക്കം.

വീണയ്ക്ക് സിഎംആർഎല്ലിൽനിന്ന് 2.78 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകൾ ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. രണ്ടുതവണ വീണയെ ഇഡി ചോദ്യം ചെയ്തെങ്കിലും നൽകിയ മൊഴികളിൽ പൊരുത്തക്കേടുകളുണ്ട്. ലഭിച്ച പണം എന്ത് ചെയ്തു എന്ന ചോദ്യത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം കുടുംബാംഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.

2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലാണ് വീണയ്ക്ക് സിഎംആർഎല്ലിൽനിന്ന് പണം ലഭിച്ചത്. 2020 ജൂണിലായിരുന്നു മുഹമ്മദ് റിയാസുമായുള്ള വീണയുടെ വിവാഹം. വിവാഹശേഷം ഈ പണം ഏതൊക്കെ തരത്തിൽ വിനിയോഗിച്ചു എന്നതിലാണ് ഇഡിക്ക് സംശയമുള്ളത്. ഇരുവരുടെയും അക്കൗണ്ടുകൾ തമ്മിൽ പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്നും ഇഡി പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി റിയാസിൻ്റെ  അക്കൗണ്ടുകൾ പരിശോധിക്കും.

അന്വേഷണത്തിൽ അഴിമതി നിരോധന നിയമത്തിന്റെ സാധ്യതകളും ഇഡി പരിശോധിക്കുന്നുണ്ട്. സിഎംആർഎല്ലിന് സർക്കാർ നൽകിയ വഴിവിട്ട സഹായങ്ങളുടെ പ്രത്യുപകാരമാണോ കരാർ എന്നും മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകൾ ഇതിൽ ഉണ്ടായിട്ടുണ്ടോ എന്നും ഇഡി അന്വേഷിക്കുന്നുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News