മുഖ്യമന്ത്രി സ്റ്റാലിന്‍ ദുരന്തഭൂമിയില്‍ എത്തി; മൃതദേഹങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

കരൂര്‍: തമിഴ്‌നാട് കരൂരില്‍ തമിഴക വെട്രിക്കഴകം നേതാവ് വിജയിന്റെ പ്രചാരണയോഗത്തിനിടെയുണ്ടായ തിക്കിലുംതിരക്കിലും പെട്ട് മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എത്തി.

കരൂര്‍ മെഡിക്കല്‍ കോളേജില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എത്തിയത്. ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചശേഷം അദ്ദേഹം കുടുംബാംഗങ്ങളോടും ജനപ്രതിനിധികളോടും സ്ഥിതിവിവരങ്ങള്‍ അന്വേഷിച്ചു. കലൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തിയാണ് സ്റ്റാലിന്‍ മൃതദേഹങ്ങള്‍ക്ക് ആദരമര്‍പ്പിച്ചത്. പരിക്കേറ്റ് ചികിത്സയിലുള്ളവരെ അദ്ദേഹം സന്ദര്‍ശിച്ചു. ചികിത്സയിലുള്ളവരുടെ സ്ഥിതിവിവരങ്ങള്‍ ആശുപത്രി വൃത്തങ്ങളുമായി അന്വേഷിച്ചറിയും. ആയിരത്തോളം പേര്‍ക്ക് പരിക്കുണ്ടെന്നാണ് ആശുപത്രിവൃത്തങ്ങള്‍ പറയുന്നത്.

ട്രിച്ചി വിമാനത്താവളത്തില്‍ നിന്നും റോഡുമാര്‍ഗമാണ് അദ്ദേഹം കരൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയത്. മരണപ്പെട്ടവരില്‍ മുപ്പത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ പത്തുപേര്‍ കുട്ടികളാണ്. ട്രിച്ചി എം.പി, ജനപ്രതിനിധികള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ കരൂര്‍ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ചു എന്നതാണ് ഏറ്റവും ഒടുവിലായി ലഭിച്ച ഔദ്യോഗിക വിവരം.

കരൂരിലെ വേലുച്ചാമിപുരത്ത് ശനിയാഴ്ച രാത്രി ഏഴുമണിയോടെ വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ദുരന്തമുണ്ടായത്. റോഡിനോടു ചേര്‍ന്നുള്ള ചെറു മൈതാനത്ത് 15,000 പേര്‍ക്ക് ഇരിക്കാവുന്ന സ്ഥലത്ത് 50,000 പേര്‍ തടിച്ചുകൂടിയിരുന്നു. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ആള്‍ക്കൂട്ടത്തിനു നടുവിലേക്കെത്തിയ വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ദുരന്തമുണ്ടായത്. ഇതോടെ വിജയ് പ്രസംഗം അവസാനിപ്പിച്ച് പോലീസ് സഹായം തേടുകയായിരുന്നു.

സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി വിജയ് എത്തുന്നതുംകാത്ത് കരൂരില്‍ രാവിലെ മുതല്‍ തന്നെ അനുയായികള്‍ തടിച്ചുകൂടിയിരുന്നു. ഇടുങ്ങിയ സ്ഥലത്തിനുസമീപത്തെ മരക്കൊമ്പുകളിലും കെട്ടിടങ്ങള്‍ക്കു മുകളിലും ധാരാളമാളുകള്‍ ഇടംപിടിച്ചിരുന്നു. വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കേ ഒരു മരക്കൊമ്പ് ഒടിഞ്ഞ് ചിലര്‍ താഴെ വീണതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പറയുന്നു. പലരും ചൂടുകാരണം മോഹാലസ്യപ്പെട്ടു വീഴുകയുംചെയ്തു. പരിക്കേറ്റവരെയും തളര്‍ന്നുവീണവരെയും ആശുപത്രിയിലെത്തിക്കാന്‍ എത്തിയ ആംബുലന്‍സുകള്‍ ടിവികെ പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷമുണ്ടാവുകയും സ്ഥിതി വഷളാവുകയും ചെയ്തു. താഴെ വീണവരുടെ ശരീരത്തില്‍ ചവിട്ടി മറ്റുള്ളവര്‍ പരക്കം പാഞ്ഞതോടെ ദുരന്തത്തിന്റെ വ്യാപ്തി കൂടി.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിര്‍ദേശപ്രകാരം മുന്‍ മന്ത്രി സെന്തില്‍ ബാലാജിയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്. വന്‍ ജനക്കൂട്ടം തടിച്ചുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് കര്‍ശന നിയന്ത്രണങ്ങളോടെയാണ് വിജയ്യുടെ സംസ്ഥാന പര്യടനത്തിന് പോലീസ് അനുമതി നല്‍കിയത്. പ്രശ്‌നങ്ങളൊഴിവാക്കാന്‍ ടിവികെയും പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അതേസമയം, ഇടുങ്ങിയ സ്ഥലത്ത് പരിപാടി നടത്താന്‍ പോലീസ് നിര്‍ബന്ധിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ടിവികെ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയശേഷം വിജയ് നടത്തുന്ന ആദ്യ സംസ്ഥാന പര്യടനത്തിന്റെ ഭാഗമായിരുന്നു കരൂരിലെ റാലി. ശനിയാഴ്ച ഉച്ചയ്ക്ക് നാമക്കലില്‍ നടന്ന പൊതുയോഗത്തിലും ഒട്ടേറെപ്പേര്‍ തളര്‍ന്നു വീണിരുന്നു. സെപ്റ്റംബര്‍ 13-ന് തിരുച്ചിറപ്പള്ളിയിലെ മരക്കടൈ കവലയിലാണ് വിജയ് സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ചത്. 20-ന് നാഗപട്ടണത്തായിരുന്നു പൊതുയോഗം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News