ചെന്നൈ: ശ്രീലങ്കൻ തമിഴ് അഭയാർഥികൾക്കായി 317 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ്നാട്ടിലുള്ള അഭയാർഥികളുടെ ഭവന പുനർനിർമാണം ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികൾക്കാണ് പ്രത്യേക പാക്കജ് പ്രഖ്യാപിച്ചത്.
സംസ്ഥാനത്തുള്ള ശ്രീലങ്കൻ തമിഴ് അഭയാർഥികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും സ്റ്റാലിൻ നിയമസഭയെ അറിയിച്ചു. ഇവർക്ക് പൗരത്വം നൽകുന്ന വിഷയവും ശ്രീലങ്കയിലേക്ക് മടങ്ങാൻ താത്പര്യപ്പെടുന്നവർക്ക് അതിനാവശ്യമായ ക്രമീകരണം ഒരുക്കൽ ഉൾപ്പെടെ ദീർഘകാലമായി നിലനിൽക്കുന്ന ആവശ്യങ്ങൾ പരിഹരിക്കാനായി പ്രവർത്തിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
ക്യാമ്പുകളിൽ താമസിക്കുന്നവരുടെ ഭവന പുനർനിർമാണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 261.54 കോടി വിനിയോഗിക്കും. ആദ്യഘട്ടത്തിൽ 3510 വീടുകളുടെ നിർമാണത്തിനായി ഈ സാമ്പത്തിക വർഷത്തിൽ 109.81 കോടി നീക്കിവെക്കും. ഇവരുടെ വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും ഉറപ്പാക്കാനായി 12.25 കോടിയും ജീവിത നിലവാരം ഉയർത്താൻ 43.61 കോടി രൂപയും വിനിയോഗിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
1983 മുതൽ ഇതുവരെയുള്ള കണക്കുപ്രകാരം 3,04,269 ലങ്കൻ തമിഴ് പൗരൻമാർ തമിഴ്നാട്ടിലേക്ക് വന്നിട്ടുണ്ട്. ഇതിൽ 58,822 പേർ സംസ്ഥാനത്തെ 29 ജില്ലകളിലെ 108 ക്യാമ്പുകളിലായി കഴിയുന്നുണ്ട്. 34,087 പേർ രജിസ്ട്രേഷന് ശേഷം മറ്റിടങ്ങളിൽ താമസിക്കുന്നുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.