ഡെറാഡൂൺ: പെട്രോളിയം ഉത്പന്നങ്ങളുടെയും, പാചകവാതകത്തിന്റെയും വില വർധനവിനെതിരെ ഓട്ടോറിക്ഷ കെട്ടിവലിച്ച് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ പ്രതിഷേധം. ഡെറാഡൂണിലെ കോൺഗ്രസ് ഭവനിൽനിന്ന് ഗാന്ധിപാർക്ക് വരെയാണ് ഹരീഷ് റാവത്ത് ഓട്ടോറിക്ഷ കെട്ടിവലിച്ചത്.
നൂറുകണക്കിന് പ്രവർത്തകർ അദ്ദേഹത്തെ ഗാന്ധിപാർക്ക് വരെ അനുഗമിച്ചു. ഗാന്ധി പാർക്കിലെത്തിയ റാവത്ത് തോളിൽ എൽപിജി സിലിണ്ടറുമായി സദസിനെ അഭിസംബോധന ചെയ്തു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ എൽപിജി സിലിണ്ടറുകളുടെ വില 250 രൂപ ഉയർന്നപ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വില അഭൂതപൂർവമായ വർധനയാണ് രേഖപ്പെടുത്തിയത്.
പെട്രോളിയം ഉത്പന്നങ്ങളിൽനിന്നും മാത്രം കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ മാത്രം 21 ലക്ഷം കോടി രൂപയാണ് കേന്ദ്രം നേടിയത്. ആ പണം എവിടെപ്പോയെന്ന് ആർക്കും അറിയില്ല. സമ്പദ്വ്യവസ്ഥ തകർച്ചയിലാണ്- റാവത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു.