കുഞ്ഞിന്റെ അനുകരണം കണ്ട് ചിരിതൂകി ഉമ്മന്‍ ചാണ്ടി; വൈറലായി വിഡിയോ
കോട്ടയം:മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടി ഹാസ്യ പരിപാടികളുടെ വേദികളില്‍ എപ്പോഴും വിഷയമാകാറുണ്ട്. തന്നെ അനുകരിക്കുന്ന മിമിക്രിക്കാരോടുളള ഇഷ്‌ടം ഉമ്മൻചാണ്ടി പല വേദികളിലും പറഞ്ഞിട്ടുമുണ്ട്.
തന്നെ കോട്ടയം നസീർ അനുകരിക്കുന്നതാണ് കൂടുതൽ പെർഫെക്‌ടെന്നും ഉമ്മൻചാണ്ടി പറഞ്ഞിട്ടുണ്ട്. ഒരിക്കൽ ഉമ്മൻചാണ്ടിയെ അനുകരിച്ചുകൊണ്ടിരുന്ന സ്റ്റേജിൽ തന്നെ ഞെട്ടിച്ച് അദ്ദേഹം വന്നുകയറിയ അനുഭവം നസീർ തന്നെ പല ചാനൽ പരിപാടികളിലും വിവരിച്ചിട്ടുണ്ട്.
ഇപ്പോൾ ഉമ്മൻചാണ്ടിക്ക് തന്നെ കൗതുകമുണർത്തിയ ഒരു കൊച്ചു കുട്ടിയുടെ അനുകരണമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. അമ്മയുടെ കൈയിലിരുന്ന് ഉമ്മൻചാണ്ടിയുടെ മുഖഭാവം കാണിക്കുന്ന കുട്ടിയെ കണ്ട് ഉമ്മൻചാണ്ടിയും ഭാര്യയും പൊട്ടിച്ചിരിക്കുകയാണ്. തന്നെ എത്രയോ പേർ വിമർശനാത്മകമായി അവതരിപ്പിക്കാറുണ്ടെന്നും അതെല്ലാം ആസ്വദിച്ചതിനേക്കാൾ എത്രയോ മടങ്ങാണ് ഈ നിഷ്‌കളങ്കമായ പ്രകടനമെന്നും പറഞ്ഞാണ് ഉമ്മൻചാണ്ടി ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.