KeralaNews

നാണക്കേടാണ്; ജാഗ്രത വേണം’: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി, ഐജി ലക്ഷ്മണയ്ക്ക് മുഖ്യമന്ത്രിയ്ക്കൊപ്പം ഇരിപ്പിടം നൽകിയില്ല

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം പോലീസ് ആസ്ഥാനത്ത് നടന്നു. പോലീസ് സേനയ്ക്കെതിരേ വിവിധ ആക്ഷേപങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥർ ഹണി ട്രാപ്പിൽ കുടുങ്ങുന്നതിനെക്കുറിച്ച് അടക്കം മുഖ്യമന്ത്രി പരാമർശിച്ചു. പോലീസുകാർ ഇത്തരം കേസുകളിൽ കുടുങ്ങുന്നത് നാണക്കേടാണ്. സേനയ്ക്ക് മൊത്തത്തിൽ നാണക്കേടാണ് ഇതെല്ലാം. അതിനാൽ അതീവ ജാഗ്രത വേണം.

അഴിമതിക്കാരായ പോലീസുകാരെ കണ്ടെത്തി നടപടി സ്വീകരിക്കണം. സേനയിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ ചുരുക്കം ചിലർ ചെയ്യുന്ന അഴിമതി ആണെങ്കിലും നാണക്കേട് മൊത്തം സേനയ്ക്കാണ്. അതുകൊണ്ടുതന്നെ അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരേ കണ്ടെത്താനും നടപടി സ്വീകരിക്കാനും പ്രത്യേക സംവിധാനം വേണം. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തിരിച്ചറിയാനും നിരീക്ഷിക്കാനും കഴിയണം. മേലുദ്യോഗസ്ഥർ ഇക്കാര്യം കൃത്യമായി നിരക്ഷിക്കണം.

പൊതുജനങ്ങളുമായി അടുത്ത് പ്രവർത്തിക്കുന്ന വിഭാഗമായതിനാൽ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം. പോലീസുകാർ യൂണിഫോം ധരിച്ച് പങ്കെടുക്കുന്ന പരിപാടികളിൽ ജാഗ്രത പുലർത്തണം. അനാവശ്യ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. കോവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിൽ പോലീസ് നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് ചില പോലീസുകാരുടെ പങ്കും പുറത്തുവരുന്നുണ്ടെങ്കിലും അക്കാര്യങ്ങൾ അദ്ദേഹം നേരിട്ട് പരാമർശിച്ചില്ല. സ്വകാര്യ പരിപാടികളിൽ പങ്കെടുക്കുമ്പോൾ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണം എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്.

സ്ത്രീ പീഡനം സംബന്ധിച്ച് ലഭിക്കുന്ന പരാതികളിൽ ഒരു വീഴ്ചയും പാടില്ല. കേസ് അന്വേഷണത്തിൽ കാലതാമസമുണ്ടായെന്ന പരാതിയുണ്ടാകരുത്. ഇരയെ പൂർണമായും പിന്തുണയ്ക്കുന്ന നടപടിയാകണം പോലീസിന്റേതെന്നും ഇത്തരം പരാതികളിലെ അന്വേഷണ പുരോഗതി ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥർ വിലയിരുത്തണം. പോലീസിന്റെ ഭാഷയും പെരുമാറ്റവും അങ്ങേയറ്റം മാന്യതയോടെയും സഹായമനസ്കതയോടെയും ആയിരിക്കണം. പോലീസ് സ്റ്റേഷനിൽ വരുന്നവർക്ക് ഏറെ സമയം വെറുതെ കാത്തിരിക്കുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ല. വ്യക്തിപരമായി മാനസിക സമ്മർദ്ദം ഉണ്ടായാൽ അത് പൊതുജനങ്ങളോടുള്ള ഇടപെടലിൽ പ്രതിഫലിക്കരുത്.

സമചിത്തതയോടെയും പ്രകോപനപരമല്ലാതെയും പൊതുജനങ്ങളോട് പെരുമാറാൻ കഴിയണം. കൃത്യനിർവഹണം നിയമപരവും നടപടിക്രമങ്ങൾക്ക് അനുസൃതവുമാണെന്ന് ഉറപ്പുവരുത്തണം. പോലീസിനെ അനാവശ്യമായി കുറ്റപ്പെടുത്തുന്ന പ്രവണത വർധിച്ചുവരുന്നു. സേനയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവരാണ് ഇതിന് പിന്നിൽ. അക്കാര്യത്തിലും ജാഗ്രതവേണം. കസ്റ്റഡി മരണം പോലുള്ള കാര്യങ്ങൾ സംഭവിക്കാൻ പാടില്ല. സർക്കാർ അത്തരം കാര്യങ്ങൾ വളരെ ഗൗരവമായാണ് കാണുന്നത്. പോലീസ് സ്റ്റേഷനിലെത്തുന്നവരോട് പെരുമാറുന്ന രീതിയാണ് മൊത്തം സേനയുടെ പ്രതിച്ഛായയെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

അതിനിടെ പൊലീസ് ഉദ്യോ​ഗസ്ഥരുടെ യോഗത്തിൽ ഐജി ലക്ഷ്മണക്ക് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇരിപ്പിടം നൽകിയില്ല. യോ​ഗത്തിൽ പങ്കെടുക്കാനെത്തിയ ഐജി ലക്ഷ്മണയെ തിരിച്ചയച്ചു. ലക്ഷ്മണയോട് ഓൺലൈനിൽ പങ്കെടുക്കാൻ ഡിജിപി നിർദ്ദേശിച്ചു.എഡിജിപിമാർ മതിയെന്നാണ് ഡിജിപി അറിയിച്ചത്. മോൻസനുമായുള്ള അടുപ്പത്തിന്റെ പേരിൽ ആരോപണ വിധേയനാണ് ഐജി ലക്ഷ്മണ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button