മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുകളില്‍ ഒരാള്‍ അറസ്റ്റില്‍. സുശാന്തിന്റെ അടുത്ത സുഹൃത്തും മുംബൈയിലെ ഹോട്ടല്‍ വ്യവസായിയുമായ കുനാല്‍ ജാനിയെയാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഖര്‍ ഏരിയായില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഏറെ നാളായി ഒളിവിലായിരുന്നു.
2020 ജൂണിലാണ് ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിനെ മുംബൈയിലെ ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ജൂണില്‍ സുശാന്ത് സിങ് മരിച്ച സംഭവത്തില്‍ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയെയും സഹോദരന്‍ ഷോവിക് ചക്രവര്‍ത്തിയെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതി ചേര്‍ക്കപ്പെട്ട 33 പേരില്‍ എട്ടു പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി, സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി, സുശാന്തിന്റെ വീട്ടുവേലക്കാരന്‍ തുടങ്ങി 33 പേരെ പ്രതികളാക്കി നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കുറ്റപത്രം സമര്‍പിച്ചിട്ടുണ്ട്.
അന്വേഷണത്തിനിടെ വിദേശ കറന്‍സി, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുള്‍പെടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. വിവിധ മയക്കുമരുന്നുകളും പിടിച്ചെടുത്തു. സുശാന്ത് മരണം അന്വേഷിച്ച മയക്കുമരുന്ന് നിയന്ത്രണ ഏജന്‍സി സിനിമ വ്യവസായത്തിന് മയക്കുമരുന്ന് ലോബിയുമായുള്ള ബന്ധമാണ് പ്രധാനമായി അന്വേഷിച്ചിരുന്നത്.
ഇതേ തുടര്‍ന്ന് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, സാറ അലി ഖാന്‍, അര്‍ജുന്‍ രാംപാല്‍, ശ്രദ്ധ കപൂര്‍ തുടങ്ങി നിരവധി പേരെ ചോദ്യം ചെയ്തു. മഹാരാഷ്ട്ര മന്ത്രി നവാബ് മലികിന്റെ മരുമകന്‍ സമീര്‍ ഖാനെയും അറസ്റ്റ് ചെയ്തിരുന്നു.