കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ അയ്യനാട് സര്‍വീസ് സഹകരണ ബാങ്കിന് സഹകരണ വകുപ്പിന്‍റെ ക്ലീന്‍ചിറ്റ്. ഫെഡറൽ ബാങ്കിൽ അയ്യനാട് ബാങ്കിന്‍റെ പേരിലുള്ള അക്കൌണ്ട് ആണെന്ന് തെറ്റിദ്ധരിച്ചാണ് അൻവറിന്‍റെ അക്കൌണ്ടിലേക്ക് പണം മാറ്റിയതെന്നാണ് ബാങ്കിന്‍റെ വിശദീകരണം. തെറ്റ് പിന്നീട് തിരുത്തിയെന്നും പണം അന്‍വര്‍ തിരിച്ചടച്ചെന്നുമാണ് സഹകരണ സംഘം രജിസ്ട്രാർ നൽകിയ വിവരാവകാശ മറുപടി.
എറണാകുളം കലട്രേറ്റിലെ ജീവനക്കാരനും ജില്ലയിലെ പ്രാദേശിക സി.പി.എം നേതാക്കളുമുള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ അയ്യനാട് സഹകരണ ബാങ്കിലെത്തിയ പണം സംബന്ധിച്ചും ഇടപാടുകള്‍ സംബന്ധിച്ചും വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയിലാണ് സഹകരണ സംഘം രജിസ്ട്രാറുടെ വിശദീകരണം. ഏറെ കോളിളക്കമുണ്ടാക്കിയ കൊച്ചി പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ സഹകരണ ബാങ്കിലെ ജീവനക്കാരന്‍റെ ആത്മഹത്യയും കേസില്‍ ബാങ്കിന്‍റെ ഇടപാടുകള്‍ സംശയത്തിലാക്കിയിരുന്നു. എന്നാല്‍ ബാങ്ക് ഭരണ സമിതിക്കും ജീവനക്കാര്‍ക്കും വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സഹകരണ വകുപ്പ് വ്യക്തമാക്കുന്നത്.