24.6 C
Kottayam
Monday, May 20, 2024

ക്ലാസുകള്‍ വൈകുന്നേരം വരെ; ഇന്ന് മുഖ്യമന്ത്രി തീരുമാനിക്കും

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനസമയം വൈകുന്നേരം വരെയാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനാവും അന്തിമതീരുമാനമെടുക്കുക. ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലാസുകള്‍ വൈകുന്നേരം വരെയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ ചെയ്തത്.

നിലവില്‍ ഉച്ചവരെയുള്ള ക്ലാസുകള്‍ വൈകീട്ട് വരെയാക്കാനാണ് നിര്‍ദേശം. സമയം നീട്ടുമ്പോഴും വിവിധ ദിവസങ്ങളില്‍ ബാച്ചുകളായുള്ള പഠനം തുടരും. ബയോബബിള്‍ അടക്കമുള്ള കൊവിഡ് പ്രോട്ടോക്കോളും നിലനിര്‍ത്തും. സമയമാറ്റത്തില്‍ നയമപരമായ തീരുമാനം വരേണ്ടത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് വിട്ടത്. ഡിസംബറോടു കൂടി പുതിയ സമയക്രമം കൊണ്ടുവരാനാണ് ആലോചന.

സമയമാറ്റത്തിനൊപ്പം പരീക്ഷാ കലണ്ടറിലും തീരുമാനം ഉടന്‍ വരും. പരീക്ഷകള്‍ക്ക് മുന്‍വര്‍ഷത്തെ പോലെ മുഴുവന്‍ പാഠഭാഗങ്ങളും പഠിക്കുന്നതിന് പകരം ഫോക്കസ് എരിയ നിശ്ചയിക്കുന്നതാണ് പരിഗണനയില്‍ ഉള്ളത്. പ്ലസ് വണ്ണിന് പുതിയ ബാച്ച് അനുവദിക്കാനും ധാരണയായി. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം, കോഴിക്കോട് , പാലക്കാട് ജില്ലകളിലാണ് ബാച്ച്. തൃശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളിലും പുതിയ ബാച്ചുകളുണ്ടാകും.

സംസ്ഥാനത്തെ സ്‌കൂളുകള്‍ കോവിഡ് 19 മഹാമാരി സൃഷ്ടിച്ച രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തുറന്നപ്പോള്‍ ഉച്ചവരെ മാത്രമാണ് അധ്യയനം നടക്കുന്നത്. കുട്ടികള്‍ തമ്മില്‍ ഇടപഴകുന്നത് കുറയ്ക്കാനും രോഗവ്യാപന സാധ്യത ചുരുക്കാനുമായി നിരവധി കരുതല്‍ നടപടികളും സ്വീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും ക്ലാസുകള്‍ നീട്ടുന്ന കാര്യം തീരുമാനിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week