തിരുവനന്തപുരം: കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്യുവിന്റെ നേതൃത്വത്തില്‍ പൊലീസ് ആസ്ഥാനത്തേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിനുശേഷം ലാത്തിചാര്‍ജ് നടത്തി.
വെള്ളയമ്പലം ജംക്ഷന്‍ വരെ പൊലീസ് കെഎസ്യു പ്രവര്‍ത്തകരെ ഓടിച്ചിട്ട് തല്ലി. പല നേതാക്കളെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കെപിസിസി ആസ്ഥാനത്തുനിന്നായിരുന്നു മാര്‍ച്ച് ആരംഭിച്ചത്.
കെഎസ്യു പ്രവര്‍ത്തകര്‍ പൊലീസിനുനേരെ മുളകുപൊടി പ്രയോഗിച്ചു. കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷി സേവ്യറിനെ റോഡില്‍ വലിച്ചിഴച്ച ശേഷം അറസ്റ്റ് ചെയ്ത് മാറ്റി. പൊലീസ് ലാത്തി ചാര്‍ജില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്ക് പരുക്കേറ്റു.
മാര്‍ച്ച് തുടങ്ങിയ ഉടനെ ജലപീരങ്കി പ്രയോഗിച്ചശേഷം ലാത്തിചാര്‍ജ് നടത്തുകയായിരുന്നുവെന്ന് കെഎസ്യു പ്രവര്‍ത്തകര്‍ ആരോപിച്ചു. പല പ്രവര്‍ത്തകരേയും പൊലീസ്, വളഞ്ഞിട്ട് തല്ലി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ സ്ഥലത്തേക്ക് എത്തിച്ചേരുന്നുണ്ട്.