ജറുസലം ∙ ഇസ്രയേൽ, ജോർദാൻ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് എത്താനിരിക്കെ, അവസാന നിമിഷം അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയിൽ നിന്നു പിൻമാറി ജോർദാൻ. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്താന‍് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയിൽനിന്ന് പിൻമാറുകയാണെന്ന് ജോർദാൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദി അറിയിച്ചു. ഗാസ സിറ്റിയിലെ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടെന്ന വാർത്തകൾക്കിടെയാണ് ജോർദാന്റെ അപ്രതീക്ഷിത പിൻമാറ്റം.
ടെൽ അവീവിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ചർച്ച നടത്തിയശേഷം ജോർദാനിലെ അമ്മാനിലെത്തുന്ന ബൈഡൻ, അബ്ദുല്ല രാജാവുമായും ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായും ചർച്ച നടത്തുമെന്നായിരുന്നു ധാരണ. ഇതിനിടെയാണ് ജോർദാന്റെ പിൻമാറ്റം.
യുദ്ധം അവസാനിപ്പിക്കാതെ ഈ സമയത്ത് എന്തു ചർച്ച നടത്തിയിട്ടും കാര്യമില്ലെന്ന് അയ്മൻ സഫാദി ചൂണ്ടിക്കാട്ടി. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു. അതേസമയം, പലസ്തീൻകാർക്കു ഗാസയിൽ ‘സുരക്ഷിതമേഖല’ അനുവദിക്കാനും അടിയന്തര സഹായം എത്തിക്കാനുമായി യുഎസ്–ഇസ്രയേൽ കരാറിന് ബൈഡനുമായുള്ള ചർച്ചയിൽ ഇന്ന് ധാരണയായേക്കുമെന്നാണ് വിവരം.
ഇസ്രയേലിനു പിന്തുണയുമായാണു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് എത്തുന്നത്. ഗാസയിലേക്ക് അടിയന്തര സഹായം എത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് അദ്ദേഹം ജോർദാൻ രാജാവുമായി നടത്താൻ നിശ്ചയിച്ചിരുന്നത്. ഗാസയ്ക്കുള്ള രാജ്യാന്തര സഹായം ഇപ്പോഴും ഈജിപ്തിൽ കെട്ടിക്കിടക്കുകയാണ്. ഇസ്രയേൽ അനുവദിച്ചാൽ മാത്രമേ ഇവ ഗാസയിലെത്തുകയുള്ളു.
തിങ്കളാഴ്ച നെതന്യാഹുവും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും തമ്മിൽ ഈ വിഷയത്തിൽ നടന്ന ചർച്ച 9 മണിക്കൂർ നീണ്ടു. കിഴക്കൻ മെഡിറ്ററേനിയൻ തീരത്ത് യുഎസിന്റെ 2000 മറീനുകൾ ഇസ്രയേലിനു പിന്തുണയുമായി എത്തി. 2000 യുഎസ് സൈനികരെക്കൂടി സജ്ജമാക്കി നിർത്തിയിരിക്കുന്നു.
ഇസ്രയേലിനുള്ള സൈനികപിന്തുണ ഉറപ്പിക്കുമ്പോഴും മേഖലയിലെ സംഘർഷം പൂർണയുദ്ധത്തിലേക്കു വഴുതിപ്പോകാതിരിക്കാനുള്ള നയതന്ത്രമാണ് യുഎസ് നടത്തുന്നത്. ഹമാസ് ബന്ദികളാക്കിയ അമേരിക്കൻ പൗരന്മാരടക്കമുള്ളവരുടെ മോചനമാണു യുഎസ് മുൻഗണന നൽകുന്ന മറ്റൊന്ന്. ബന്ദികളുടെ സുരക്ഷ സംബന്ധിച്ചു ഹമാസ് ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ, ഇസ്രയേൽ ആക്രമണം നിർത്താതെ ഇവരെ കൈമാറാൻ വഴിയൊരുങ്ങില്ല.
ഇസ്രയേലിനു സഹായവുമായി യുഎസ് ഇടപെടുന്നതിനെതിരെ ഇറാനും റഷ്യയും ചൈനയും മുന്നറിയിപ്പു നൽകിയിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ കാണാൻ ഇന്നലെ ബെയ്ജിങ്ങിൽ എത്തി. ഗാസ സംഘർഷവും ഇവർ ചർച്ച ചെയ്യും.