തൃശൂര്‍: ഗുരുവായൂരില്‍ വഴിപാടായി ലഭിച്ച ഥാര്‍ കൈമാറുന്നതില്‍ തര്‍ക്കം. താല്‍ക്കാലികമായി ലേലം ഉറപ്പിച്ചെന്ന് മാത്രമാണെന്നും ഭരണ സമിതിയോഗത്തിന് ശേഷമേ കൈമാറുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.
എറണാകുളം ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലിയാണ് ഥാര്‍ സ്വന്തമാക്കിയത്. ഗുരുവായൂര്‍ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ കെബി മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ കൈമാറുകയായിരുന്നു. എന്നാല്‍ വാഹനം അമല്‍ മുഹമ്മദിന്റെ കൈയില്‍ ലഭിക്കാന്‍ ഇനിയും വൈകുമെന്നാണ് നലവിലെ ഭരണസമിതി നിലപാട് വിരല്‍ ചൂണ്ടുന്നത്.
അമല്‍ മുഹമ്മദിന്റെ പ്രതിനിധിയെ ഥാര്‍ കൈമാറ്റം സംബന്ധിച്ച വിഷയം അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ദേവസ്വം നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് അമല്‍ മുഹമ്മദ് അലിയുടെ പ്രതിനിധി പ്രതികരിച്ചു. ഇക്കാര്യം ഭരണ സമിതി ചര്‍ച്ച ചെയ്യും. ഈ മാസം 21 നാണ് ഭരണസമിതി യോഗം. ഇതിന് ശേഷമാകും അന്തിമ തീരുമാനം.
അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ലേലത്തില്‍ ദേവസ്വം വിളിച്ചത്. 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് അമല്‍ മുഹമ്മദ് ലേലം ഉറപ്പിച്ച് ‘ഥാര്‍’ സ്വന്തമാക്കിയത്. ഈ മാസം നാലാം തിയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി ഥാര്‍ ലഭിച്ചത്. 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എഞ്ചിന്‍.