‘ടച്ചിങ്സി’നെ ചൊല്ലി തർക്കം: ബാറിനു മുന്നിൽ കൂട്ടയടി; ഹെൽമറ്റുകൊണ്ട് തലയടിച്ചുപൊട്ടിച്ചു

പത്തനംതിട്ട: മദ്യപാനത്തിനിടെ ‘ടച്ചിങ്സി’നെ ചൊല്ലിയുള്ള തർക്കം കൂട്ടയടിയിൽ കലാശിച്ചു. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ അമല ബാറിന് പുറത്താണ് കൂട്ടയടി നടന്നത്. മൂന്നം​ഗങ്ങളുൾപ്പെടുന്ന രണ്ട് സംഘങ്ങൾ തമ്മിലായിരുന്നു തർക്കം. തിങ്കളാഴ്ച രാത്രി 9.15-നായിരുന്നു സംഭവം.

പത്തനംതിട്ട സ്വദേശികളായ ഷൈജു, അരുൺ, ശ്യാം എന്നിവര്‍ക്കാണ് ക്രൂരമർദനമേറ്റത്. നന്നുവക്കാട് സ്വദേശികളായ ഷിജു പി. ജോസ്, അഭിലാഷ്, ഷിബു എന്നിവർ ചേർന്നാണ് ഇവരെ മർദിച്ചത്. മേശ മാറി ടച്ചിങ്സ് എടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടയടിയിലേക്ക് നയിച്ചത്. ബാറിനുള്ളിൽ സംഘം അടിയുണ്ടാക്കിയതോടെ ജീവനക്കാർ ഇടപെട്ട് ഇവരെ പുറത്താക്കുകയായിരുന്നു. തുടർന്നാണ് ബാറിന് പുറത്തുവെച്ച് ഇവർ പരസ്പരം ഏറ്റുമുട്ടിയത്.

ഹെൽമറ്റ് ഉപയോ​ഗിച്ച് യുവാക്കളെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദനമേറ്റ് രണ്ട് യുവാക്കൾ ബോധരഹിതരായി നിലത്തുവീണു. ഹെൽമറ്റ് ഉപയോഗിച്ചുള്ള അടിയേറ്റ ഒരാളുടെ തലയ്ക്ക് പൊട്ടലുണ്ട്. മൂന്നം​ഗസംഘത്തിലെ ഒരാൾ നിലത്തുവീണ് കിടക്കുന്ന രണ്ട് യുവാക്കളുടെ തലയിൽ ഹെൽമറ്റ് ഉപയോ​ഗിച്ച് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്രൂരമായി അടിയേൽക്കുന്നതുകണ്ട്, ‘ചത്തുപോകത്തേയുള്ളൂ’ എന്ന് ദൃക്സാക്ഷികൾ പറയുന്നതും വീഡിയോയിൽ കേൾക്കാം.

ആദ്യഘട്ടത്തിൽ കാഴ്ചക്കാരായിനിന്ന നാട്ടുകാർതന്നെയാണ് ഒരു സംഘത്തെ വിരട്ടിയതിന് ശേഷം ഷൈജു, അരുൺ എന്നിവരെ ആശുപത്രിയിലെത്തിച്ചത്. ശ്യാം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്താൻ ആശുപത്രിയിലെത്തിയെങ്കിലും മദ്യലഹരിയിലുള്ള ഇവർ പോലീസിനേയും ആശുപത്രി ജീവനക്കാരേയും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News