കണ്ണൂർ: കണ്ണൂരിലെ മുസ്ലീം ലീഗിൽ പൊട്ടിത്തെറി. കോർപ്പറേഷൻ വൈസ് ചെയർപേഴ്സൺ സ്ഥാനത്തെ ചൊല്ലിയാണ് തർക്കം. യൂത്ത് ലീഗ് പ്രവർത്തകർ മുതിർന്ന നേതാക്കളെ കയ്യേറ്റം ചെയ്തു. ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുൾ ഖാദർ മൗലവി, ജില്ലാ സെക്രട്ടറി അബ്ദുൾ കരീം ചേലേരി എന്നിവരെ യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞുവച്ചിരിക്കുകയാണ്.
യുഡിഎഫിന് ഭൂരിപക്ഷമുള്ള സംസ്ഥാനത്തെ ഏക കോർപ്പറേഷനാണ് കണ്ണൂർ. കോർപ്പറേഷൻ മേയർ സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ പോരിന് ഒരുവിധം അവസാനമാകുകയും വോട്ടെടുപ്പിലൂടെ ടി ഒ മോഹനനെ മേയർ ആക്കാൻ കോൺഗ്രസ് കൗൺസിലർമാരുടെ വോട്ടെടുപ്പിലൂടെ തീരുമാനമാകുകയും ചെയ്തത് ഇന്നലെയാണ്. അതിനിടെയാണ് വൈസ് ചെയർമാൻ സ്ഥാനത്തെ ചൊല്ലി ലീഗിനകത്തെ പൊട്ടിത്തെറി.
കസാനക്കോട്ട ഡിവിഷനിൽനിന്നു ജയിച്ച ഷമീമ ടീച്ചർക്കുവേണ്ടി ഒരു വിഭാഗവും, ആയിക്കര ഡിവിഷനിൽനിന്നു ജയിച്ച കെ എം സാബിറ ടീച്ചർക്ക് വേണ്ടി മറ്റൊരു വിഭാഗവും താണയിൽനിന്നു ജയിച്ച കെ ഷബീന ടീച്ചർക്കു വേണ്ടി വേറൊരു വിഭാഗവും രംഗത്തുവന്നതോടെയാണ് തർക്കം ഉടലെടുത്തത്. ഇന്നലെ രാവിലെ 10 മണി മുതൽ ആരംഭിച്ച വൈസ് ചെയർപേഴ്സണെ തെരഞ്ഞെടുക്കാനുള്ള ചർച്ച രാത്രി വൈകിയാണ് അവസാനിച്ചത്. താണയിൽ നിന്ന് ജയിച്ച കെ ഷബീനയെ വൈസ് ചെയർമാനാക്കാനുള്ള തീരുമാനം വന്നത് പതിനൊന്ന് മണിയോടെയാണ്. രാത്രി വൈകിയുള്ള ഈ തീരുമാനമാണ് യൂത്ത് ലീഗ് പ്രവർത്തകരെ ചൊടിപ്പിച്ചത്.