FeaturedKeralaNews

പിറവത്ത് കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കൗണ്‍സിലര്‍ ജില്‍സ് രാജിവെച്ചു, സീറ്റ് വിറ്റെന്ന് ആരോപണം

എറണാകുളം:പിറവത്തെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധം രേഖപ്പെടുത്തി പിറവം നഗരസഭാ കൗൺസിലർ ജിൽസ് പെരിയപുറം പാർട്ടിയിൽ നിന്ന് രാജിവെച്ചു.

പിറവം സീറ്റിലേക്ക് ജിൽസിനെ കേരള കോൺഗ്രസ് പരിഗണിച്ചിരുന്നു. രാജിക്ക് പിന്നാലെ പാർട്ടിക്കെതിരെ രൂക്ഷവിമർശനമാണ് ജിൽസ് ഉന്നയിച്ചത്. പണവും ജാതിയും നോക്കിയാണ് സീറ്റുവിഭജനം, പിറവം സീറ്റ് ജോസ് കെ മാണി വിറ്റുവെന്നും ജിൽസ് പെരിയപുറം പറഞ്ഞു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റാണ് ജിൽസ്.

പിറവത്ത് സിന്ധുമോൾ ജേക്കബിനെയാണ് അപ്രതീക്ഷിത സ്ഥാനാർഥിയായി എൽഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്. സിന്ധുമോളെ നേരത്തെ ലോക്സഭ തിരഞ്ഞെടുപ്പിലും സിപിഎം പരിഗണിച്ചിരുന്നു. സിപിഎം അംഗമായ സിന്ധുമോൾ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും ആണ്.

കുറ്റ്യാടി ഇല്ലാതെ കേരള കോൺഗ്രസ് എം സ്ഥാനാർഥി പട്ടിക ഇന്നലെയാണ് പുറത്തുവന്നത്. പട്ടികയിൽ പത്ത് പേർ പുതുമുഖങ്ങളാണ്.

പാലായിൽ ജോസ് കെ മാണിയാണ് സ്ഥാനാർത്ഥി. ഇടുക്കിയിൽ റോഷി അഗസ്റ്റിൻ,
ചങ്ങാനാശേറിയിൽ ജോബ് മൈക്കിൾ, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തിങ്കൽ, തൊടുപുഴയിൽ കെഎ ആന്റണി, കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജ്, പെരുമ്പാവൂരിൽ ബാബു ജോസഫ്, റാന്നിയിൽ പ്രമോദ് നാരായണൻ, ചാലക്കുടിയിൽ ഡെന്നീസ് ആന്റണി, ഇരിക്കൂറിൽ സജി കുറ്റ്യാനിമറ്റം എന്നിവരാണ് സ്ഥാനാർത്ഥികൾ. ആകെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

അവശേഷിക്കുന്ന കുറ്റ്യാടി സീറ്റിലെ സ്ഥാനാർത്ഥിയെ സിപിഎമ്മുമായി കൂടിയാലോചിച്ച ശേഷം പിന്നീട് പ്രഖ്യാപിക്കാനാണ് തീരുമാനം. പ്രതിഷേധം അണപൊട്ടിയ സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യം വാർത്താക്കുറിപ്പിൽ ജോസ് കെ മാണി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button