അസി. സെക്രട്ടറിയുടെ ഭാര്യയ്ക്ക് സീറ്റ് നല്‍കിയത് വിനയായി; രണ്ട് തവണ മത്സരിച്ചു ജയിച്ചിട്ടും നാടിന്റെ പള്‍സ് അറിയാത്ത ബിനോയ് വിശ്വത്തിന് കടുത്ത വിമര്‍ശനം; ഇ.കെ വിജയനെ വെട്ടിയവര്‍ക്ക് അണികളുടെ എട്ടിന്റെ പണി; നാദാപുരത്തെ തോൽവിയിൽ സിപിഐയിൽ പൊട്ടിത്തെറി

നാദാപുരം: ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയെന്ന് വിശ്വസിച്ചിരുന്ന നാദാപുരത്ത് സി.പി.ഐ നേരിട്ടത് സമാനതകളില്ലാത്ത പതനമാണ്. ഈ തോല്‍വിയില്‍ പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ വിമര്‍ശനം കടുക്കുകയാണ്. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയുടെ ഭാര്യ അഡ്വ. പി. വസന്തത്തിന് സീറ്റ് നല്‍കിയതാണ് ഈ വന്‍ തകര്‍ച്ചയ്ക്ക് പ്രധാന കാരണമെന്ന് അണികള്‍ക്കിടയില്‍ പരസ്യമായ സംസാരം ഉയര്‍ന്നു കഴിഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉയര്‍ന്ന പോസ്റ്റര്‍ പ്രതിഷേധങ്ങളെ പുച്ഛിച്ചു തള്ളിയ സംസ്ഥാന നേതൃത്വത്തിന് അണികള്‍ വോട്ടിലൂടെ മറുപടി നല്‍കിയതോടെ നാദാപുരത്തെ ചുവപ്പ് മാഞ്ഞു.

നാദാപുരത്ത് നിന്ന് രണ്ടുതവണ നിയമസഭയിലെത്തുകയും മന്ത്രിയാകുകയും ചെയ്ത പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിന് സ്വന്തം തട്ടകത്തിലെ ‘പള്‍സ്’ അറിയാന്‍ കഴിഞ്ഞില്ലെന്ന പരിഹാസമാണ് ഇപ്പോള്‍ ഉയരുന്നത്. മണ്ഡലത്തിലെ വികാരം ഗൗനിക്കാതെ വസന്തത്തിന് സീറ്റ് ഉറപ്പിച്ചത് ബിനോയ് വിശ്വമായിരുന്നു. എന്നാല്‍, സംസ്ഥാന നേതൃത്വത്തിന്റെ ഈ ശാഠ്യം പാര്‍ട്ടിയുടെ അടിത്തറ തന്നെ ഇളക്കുന്ന തിരിച്ചടിയായി മാറിയെന്നാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ തന്നെ വിലയിരുത്തുന്നത്.

നാദാപുരത്ത് ഹാട്രിക് വിജയം നേടിയ ഇ.കെ. വിജയനെ ഇത്തവണ തഴഞ്ഞതും അദ്ദേഹത്തിന് മുന്‍പ് മന്ത്രിസ്ഥാനം നല്‍കാതിരുന്നതും യു.ഡി.എഫ് ആയുധമാക്കി. ഇ.കെ. വിജയന്റെ ജനകീയതയെ നേരിടുന്നതിന് പകരം അദ്ദേഹത്തെ ഒതുക്കാന്‍ ശ്രമിച്ചത് പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നേതാക്കളാണെന്ന പ്രചാരണം എല്‍.ഡി.എഫ് വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടാക്കി. വികസന നായകന്‍ എന്ന് പേരെടുത്ത വിജയനെ വെട്ടിയവര്‍ക്ക് നാദാപുരത്തെ വോട്ടര്‍മാര്‍ കൃത്യമായ ഷോക്ക് ട്രീറ്റ്മെന്റാണ് നല്‍കിയത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എം. അഭിജിത്ത് മാസങ്ങള്‍ക്ക് മുന്‍പേ മണ്ഡലത്തില്‍ വേരുറപ്പിച്ചിരുന്നു. ‘നാദാപുരത്തൊരു യു.ഡി.എഫ് എം.എല്‍.എ’ എന്ന ലക്ഷ്യത്തോടെ മുസ്ലിം ലീഗ് ഒരു വര്‍ഷം മുന്‍പേ ചിട്ടയായ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

നാദാപുരം മേഖലയിലെ യു.ഡി.എഫിന്റേതടക്കമുളള പ്രധാന പരിപാടികളിലെ സ്ഥിരം സാന്നിധ്യമായി അഭിജിത്തുണ്ടായിരുന്നു. എന്നാല്‍, അതൊന്നും ഗൗരവത്തില്‍ പരിശോധിക്കാനോ വേണ്ടരീതിയില്‍ ഗൃഹപാഠം ചെയ്യാനോ സാധിക്കാതെയാണ് സംസ്ഥാന നേതൃത്വം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്ന് സി.പി.ഐ.യുടെ ഒരുവിഭാഗം നേതാക്കള്‍ വിശദീകരിക്കുന്നു. നാദാപുരത്തൊരു യു.ഡി.എഫ്. എം.എല്‍.എ എന്ന പ്രചാരണവുമായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിംലീഗ് നിയോജകമണ്ഡലം കമ്മിറ്റി ശക്തമായ പ്രചാരണവുമായി രംഗത്തിറങ്ങിയിരുന്നു. ഒരുവര്‍ഷംമുന്‍പേ ആരംഭിച്ച ഈയൊരു കാംപെയ്‌ന് പരിപൂര്‍ണ പിന്തുണ നല്‍കുന്ന സമീപനമാണ് സംസ്ഥാന മുസ്ലിംലീഗ് നേതൃത്വം സ്വീകരിച്ചത്. ഇതിന്റെ ഗൗരവം മനസ്സിലാക്കാതെപോയതും തിരിച്ചടിയായതായാണ് ഒരുവിഭാഗം എല്‍.ഡി.എഫ്. നേതാക്കള്‍ കരുതുന്നത്.

നാദാപുരത്ത് എല്‍.ഡി.എഫ്. വിജയിക്കുന്നതിനുപിന്നില്‍ ന്യൂനപക്ഷവോട്ടുകള്‍ പ്രധാന ഘടകമാണെന്നും അതിനെ മറികടക്കാനുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും യു.ഡി.എഫിന്റെ സംസ്ഥാന നേതാക്കള്‍ മണ്ഡലം നേതാക്കളെ ബോധ്യപ്പെടുത്തിയിരുന്നു. കഴിഞ്ഞതവണ ഇ.കെ. വിജയന്റെ വിജയത്തിനുപിന്നില്‍ ന്യൂനപക്ഷകേന്ദ്രങ്ങളില്‍നിന്നും അപ്രതീക്ഷിതമായി ലഭിച്ച വോട്ടാണെന്നും ലീഗ് കണ്ടെത്തിയിരുന്നു. അത് തടയുന്നരീതിയിലുളള പ്രവര്‍ത്തനം നടത്താന്‍ ലീഗിനും യു.ഡി.എഫിനും സാധിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News