തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം നേരിട്ടതോടെ നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ തുറന്നു പോര് ആരംഭിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് രമേശ് ചെന്നിത്തല പരാജയമാണെന്നും ചെന്നിത്തലയ്ക്ക് പകരം ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവ് ആകണമെന്നും മുന്‍മന്ത്രി ടി എച്ച് മുസ്തഫ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ നേതൃത്വം എ.കെ ആന്റണി ഏറ്റെടുക്കണമെന്നും മുസ്തഫ പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്ഥാനം ഒഴിയണമെന്നും ടി.എച്ച് മുസ്തഫ ആവശ്യപ്പെട്ടു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒഴിയണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയും ആവശ്യപ്പെട്ടു. പരാജയത്തിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളിക്ക് മാത്രമാണെന്ന് ആരും പറഞ്ഞിട്ടില്ല. അദ്ദേഹം കുറ്റം ഏറ്റെടുക്കുകയായിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത സ്ഥിതിക്ക്, ആ പദവിയില്‍ ഇരിക്കാന്‍ അദ്ദേഹത്തിന് അര്‍ഹത നഷ്ടപ്പെട്ടു എന്നു പറഞ്ഞാല്‍ ആര്‍ക്കും കുറ്റപ്പെടുത്താനാവില്ല. അദ്ദേഹം ആരെയൊക്കെയോ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഒരാളുടെ ഭാഗത്ത് മാത്രമല്ലല്ലോ കുറ്റം. വീഴ്ചയുടെ ഉത്തരവാദിത്വം അദ്ദേഹം മുഴുവനായി ഏറ്റെടുക്കുന്നെങ്കില്‍ അതിനര്‍ത്ഥം ആരെയോ രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.