ഛത്തീസ്ഡഢിൽ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, തിരച്ചിൽ തുടരുന്നു

റായ്പുർ: ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായൺപുർ-ദന്തേവാഡ ജില്ലാ അതിർത്തിയിലെ അബുജ്മദ് വനത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്നാണ് ബസ്തർ പോലീസിന്റെ പ്രസ്താവനയിൽ പറയുന്നത്. ഏപ്രിൽ 16-ന് 29 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചതിന്ശേഷമുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്.

പ്രദേശത്ത് മാവോയിസ്റ്റു സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വ്യാഴാഴ്ച ഓര്‍ച്ച, ബര്‍സൂര്‍ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ഗോവല്‍, നെന്തൂര്‍, തുല്‍ത്തുളി ഗ്രാമങ്ങളിലേക്ക് പ്രത്യേക സംഘത്തെ അയച്ചിരുന്നു. ജില്ലാ റിസര്‍വ് ഗാര്‍ഡും (ഡി.ആര്‍.ജി) സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും (എസ്ടിഎഫ്) സംയുക്തമായാണ് മാവോയിസ്റ്റു വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചത്.

‘ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഇതുവരെ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, ഏറ്റുമുട്ടൽ പുരോഗമിക്കുന്നതിനാൽ രാത്രിയിൽ കണക്കുകൾ വർധിക്കും’-ദന്തേവാഡ പോലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു. സംഘങ്ങൾ ഇപ്പോഴും കാട്ടിലുണ്ടെന്നും നിരീക്ഷണം തുടരുകയാണെന്നും എസ്പി പറഞ്ഞു.

ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ആയുധശേഖരം കണ്ടെടുത്തതായി പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എകെ സീരീസ് ഉള്‍പ്പെടെ നിരവധി റൈഫിളുകളും മറ്റ് ആയുധങ്ങളുമാണ് കണ്ടെടുത്തത്. എന്നാൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കൃത്യമായ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിയാനുള്ള നടപടികൾ പൂർത്തിയാകുമെന്നും എസ്പി കൂട്ടിച്ചേർത്തു. വനത്തിലേക്ക് കൂടുതല്‍ പിന്‍വാങ്ങിയ അവശേഷിക്കുന്ന ഏതാനും മാവോയിസ്റ്റുകളെ സുരക്ഷാ സേന പിന്തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News