തിരുവനന്തപുരം: ഇന്ധന നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ച പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം. ജനങ്ങള്‍ വലിയ പ്രതിസന്ധിയിലാണെന്നും പ്രതിപക്ഷം നിയമസഭയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ആറ് വര്‍ഷമായി നികുതി കൂട്ടിയിട്ടില്ലെന്നും അതിനാല്‍ നികുതി കുറിയ്ക്കില്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു.
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് ധനമന്ത്രിയുടെ വിശദീകരണം. പ്രതിപക്ഷത്തുനിന്നും കെ. ബാബു എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നികുതി കൂട്ടിയ കേന്ദ്രമാണ് നികുതി കുറയ്‌ക്കേണ്ടതെന്നും ബാലഗോപാല്‍ പറഞ്ഞു. ധനമന്ത്രി പ്രതിപക്ഷത്തെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 13 തവണ നികുതി കൂട്ടി. ഇന്ധന നികുതിക്കെതിരെ കേരളത്തിലല്ല സൈക്കിള്‍ ചവിട്ടി പ്രതിഷേധിക്കേണ്ടത്. കാളവണ്ടിയില്‍ ഡല്‍ഹിയില്‍ പോയി ആണ് പ്രതിഷേധിക്കേണ്ട്.
ഇന്ധന വില വര്‍ധന കന്പനികള്‍ക്ക് വിട്ടുകൊടുത്തത് യുപിഎ സര്‍ക്കാരാണെന്നും ബാലഗോപല്‍ പരിഹസിച്ചു. പ്രതിപക്ഷത്തിനെതിരായ പരിഹാസത്തെ രൂക്ഷമായ ഭാഷയില്‍ ബാബു വിമര്‍ശിച്ചു. ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. നികുതി കുറയ്ക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബാബു പറഞ്ഞു.
വീണ്ടും ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാട് ധനമന്ത്രി സഭയില്‍ ആവര്‍ത്തിച്ചു. സംസ്ഥാനങ്ങള്‍ക്ക് പങ്കുവയ്‌ക്കേണ്ടാത്ത രീതിയിലാണ് കേന്ദ്രം നികുതി കൂട്ടിയത്. ഇത് ഭരണഘടനയുടെ ലംഘനമാണ്. സംസ്ഥാനത്തിന് ആകെ പിരിക്കാനാകുന്നത് മദ്യം, പെട്രോള്‍ നികുതി മാത്രമാണ്. ഇവയില്‍ സംസ്ഥാനത്തേക്കാള്‍ നികുതി കേന്ദ്രം പിരിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ സൈക്കിള്‍ സമരത്തെ ആക്ഷേപിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ പാര്‍ലമെന്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ സൈക്കിള്‍ പ്രതിഷേധത്തില്‍ 17 രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുത്തു. എന്നാല്‍ സിപിഎം മാത്രം പങ്കെടുത്തില്ല.
ഇന്ധനനികുതി വര്‍ധനവിലൂടെ കേരളത്തില്‍ 5,000 കോടി രൂപയുടെ അധിക വരുമാനം ഉണ്ടായി.
അതേസമയം യുഡിഫ് സര്‍ക്കാരിന്റെ കാലത്ത് നികുതി വര്‍ധിപ്പിച്ചതോടെ 500 കോടി വരുമാനമാണ് ഉണ്ടായത്. സര്‍ക്കാരിന്റെ ഈ നിലപാടിനോട് കാലം കണക്കുചോദിക്കുമെന്നും സതീശന്‍ പറഞ്ഞു. ധനമന്ത്രിയുടെ വിശദീകരണത്തോടെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയുടെ നടുത്തള്ളതില്‍ ഇറങ്ങി പ്രതിഷേധിക്കുകയും പിന്നീട് സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.