KeralaNews

ഫ്‌ളാറ്റ് നിര്‍മ്മാണ ജോലിയെ ചൊല്ലി തര്‍ക്കം; തൃപ്പൂണിത്തുറയില്‍ തൊഴിലാളികള്‍ തമ്മില്‍ കൂട്ടത്തല്ല്

കൊച്ചി: തൃപ്പൂണിത്തുറ കണ്ണങ്കുളങ്ങരയില്‍ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സിഐടിയു – ഐഎന്‍ടിയുസി – ബിഎംഎസ് തൊഴിലാളികളാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇവിടെ നടക്കുന്ന ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് തൊഴിലാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്. പരിക്കേറ്റ തൊഴിലാളികളെ സമീപത്തുള്ള താലൂക്ക്,സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ബിഎംഎസ് തൊഴിലാളികളായ സുനില്‍ (40), ഹരീഷ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്നു രാവിലെയാണ് സംഭവം. വിവരമറിഞ്ഞു പൊലീസ് സ്ഥലത്തെത്തുകയും അക്രമം നിയന്ത്രിക്കുകയുമായിരുന്നു. ഫ്ളാറ്റ് നിര്‍മാണ ജോലികളില്‍ ബിഎംഎസ് യൂണിയനിലുള്ള തൊഴിലാളികളെ പങ്കെടുപ്പിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. നിലവിലുള്ള തൊഴില്‍ കരാറുപ്രകാരം തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര ഭാഗത്ത് സിഐടിയു, ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ക്കാണ് തൊഴില്‍ അനുമതിയുള്ളത്.

തങ്ങള്‍ക്കുകൂടി പ്രദേശത്തു ജോലി നല്‍കണമെന്നാവശ്യപ്പെട്ടാണ് ബിഎംഎസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. കഴിഞ്ഞ ദിവസം ഇതേ വിഷയത്തിലുണ്ടായ തര്‍ക്കം പൊലീസ് സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കുകയും തൊഴില്‍ വകുപ്പിനെ സമീപിക്കാന്‍ ധാരണയാകുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് ഇന്നു രാവിലെ മുദ്രാവാക്യം വിളിച്ചെത്തിയ ബിഎംഎസ് പ്രവര്‍ത്തര്‍ നിര്‍മാണം നടക്കുന്ന ഫ്ലാറ്റിന്റെ ഗേറ്റ് തള്ളിത്തുറന്ന് അകത്തു കടന്നത്. തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button