ന്യൂഡല്‍ഹി: ഹരിയാനയിലെ നൂഹ് ജില്ലയിൽ വിഎച്ച്പി റാലിക്കിടെ ഉണ്ടായ കല്ലേറിനെ തുടർന്നുണ്ടായ സംഘർഷത്തില്‍ രണ്ട് മരണം. വെടിയേറ്റ് രണ്ട് ഹോംഗാർഡുകളാണ് കൊല്ലപ്പെട്ടത്. സംഘർഷത്തില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഘർഷം പലയിടങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ രംഗത്തെത്തി. സംഭവം ദൗർഭാഗ്യകരമാണെന്നും പ്രതികരിച്ച മുഖ്യമന്ത്രി, കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.
ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ ഉണ്ടായ കല്ലേറാണ് സംഘർഷത്തിലേക്ക് നയിച്ചത്. അക്രമികൾ നിരവധി വാഹനങ്ങൾ കത്തിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.
പൊലീസ് നടപടിയിൽ 20ഓളം പേർക്ക് പരിക്കേറ്റു. പ്രശ്നം രൂക്ഷമായതോടെ 2500 ഓളം പേർ ആരാധനാലയത്തിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കുകയും കൂട്ടം കൂടുന്നത് നിരോധിക്കുകയും ചെയ്തു.