തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ കാര്‍ യാത്രക്കാരും ടോള്‍ ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. മുന്നിലെ വാഹന യാത്രക്കാര്‍ പണം നല്‍കാത്തതിനെ ചൊല്ലി ടോള്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടായപ്പോള്‍ കാത്തുനില്‍ക്കേണ്ടി വന്ന കാര്‍ യാത്രക്കാരാണ് ആദ്യം പ്രശ്‌നമുണ്ടാക്കിയയത്. തര്‍ക്കം വഷളായപ്പോള്‍ യാത്രക്കാര്‍ ജീവനക്കാരില്‍ ഒരാള്‍ തല്ലി. ഇതോടെ മറ്റ് ടോള്‍ ജീവനക്കാരും വിഷയത്തില്‍ ഇടപെട്ടു. ഇത് കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു.
ഷിഫ്റ്റ് ഇന്‍ ചാര്‍ജായ ജീവനക്കാരനെ തല്ലിയതോടെ ടോള്‍ ജീവനക്കാര്‍ കൂട്ടമായി വന്ന് കാര്‍ യാത്രികരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ ടോള്‍ ജീവനക്കാരോ കാര്‍ യാത്രക്കാരോ പരാതി നല്‍കിയിട്ടില്ല. അതിനിടെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.
ക്രമസമാധാന പ്രശ്നം നിലവില്‍ സ്ഥലത്ത് ഇല്ലെന്നും പോലീസ് പറയുന്നു. പാലിയേക്കരയില്‍ യാത്രക്കാരും സുരക്ഷാ ജീവനക്കാരും തമ്മില്‍ പതിവായി സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. ഫാസ് ടാഗില്ലാത്ത വാഹനത്തിന് ടോള്‍ പ്ലാസയില്‍ നിലവില്‍ ഇരട്ടി തുക നല്‍കേണ്ടതുണ്ട്. ഇത്തരത്തില്‍ ഇരട്ടി തുക നല്‍കാന്‍ പല യാത്രക്കാരും കൂട്ടാക്കാറില്ല. ഇത്തരത്തിലുണ്ടായ ഒരു തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചുവെന്നാണ് വിവരം. ടോള്‍ നല്‍കാത്ത വാഹനത്തിന്റെ പുറകിലായിരുന്നു പ്രശ്നമുണ്ടാക്കിയ ആളുകളുടെ വാഹനം. ഇതിലെ യാത്രക്കാരനാണ് പ്രശ്നത്തിന് തുടക്കമിട്ടത്.