കൊച്ചി: ഏകീകൃത കുർബാന വിഷയത്തിൽ എറണാകുളം സെൻ്റ് മേരീസ് ബസിലിക്കയിൽ വിമത വിഭാഗത്തിൻ്റെ പ്രതിഷേധം തുടരുന്നു. മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിൽ പ്രാർഥന അർപ്പിക്കാൻ എത്തിയതിന് പിന്നാലെയാണ് പ്രതിഷേധം ഉടലെടുത്തത്. ബിഷപ്പ് ബസിലിക്കയ്ക്കുള്ളിൽ കയറിയതോടെ വിമതർ മുദ്രാവാക്യം വിളികളുമായി പള്ളിപ്പരിസരം വളയുകയായിരുന്നു.
ആർച്ച് ബിഷപ്പിനുനേരെ കുപ്പിയേറ് ഉണ്ടായി. വിശ്വാസികൾ വൈദികരെ ചീത്ത വിളിക്കുകയും ചെയ്തു. ആർച്ച് ബിഷപ്പ് എത്തിയാൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പ് പല അൽമായ സംഘടനകളും നൽകിയിരുന്നു. എന്നാൽ പ്രാർഥന നടത്തണമെന്ന് ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിൽ തീരുമാനിക്കുകയും വൈകിട്ടോടെ ബസിലിക്കയിൽ എത്തുകയുമായിരുന്നു.
എകീകൃത കുർബാനയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനാണ് ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽനിന്ന് ആർച്ച് ബിഷപ്പിനെ കൊച്ചിയിലേക്ക് അയച്ചത്. പ്രതിഷേധം സംഘർഷത്തിലേക്കടക്കം നീങ്ങിയ സാഹചര്യത്തിൽ കഴിഞ്ഞ എട്ടുമാസമായി എറണാകുളം സെൻ്റ് മേരീസ് ബസിലിക്ക അടഞ്ഞുകിടക്കുകയാണ്. ഇവിടേയ്ക്ക് ആർച്ച് ബിഷപ്പ് പ്രാർഥന നടത്താൻ വന്നതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്.
മുൻപ് ചർച്ചകൾ നടത്തിയിട്ടും തങ്ങളുടെ അഭിപ്രായങ്ങളെ മാർ സിറിൽ വാസിൽ ചെവിക്കൊണ്ടില്ലെന്നാണ് വിമത വിഭാഗത്തിന്റെ ആരോപണം. മാർപാപ്പയുടെ പ്രതിനിധിയെ ബസിലിക്കയ്ക്ക് അകത്തേയ്ക്ക് കയറ്റില്ലെന്ന് പറഞ്ഞ് മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു വിമത വിഭാഗത്തിന്റെ പ്രതിഷേധം. പ്രതിഷേധക്കാർ പള്ളിയുടെ മുൻവശം ഉപരോധിച്ചതോടെ പിൻഭാഗത്തെ വാതിലിലൂടെ മാർപ്പാപ്പയുടെ പ്രതിനിധിയെ ബസിലിക്കയുടെ അകത്തേക്ക് കയറ്റാൻ പോലീസ് ശ്രമിക്കുകയായിരുന്നു.
കനത്ത പോലീസ് സുരക്ഷയിലാണ് മാർ സിറിൽ വാസിൽ സെന്റ് മേരീസ് ബസലിക്കയ്ക്കുള്ളിൽ കടന്നത്. വിമതരുമായി പോലീസ് ചർച്ച നടത്തിയെങ്കിലും സമവായമുണ്ടായില്ല. ബസിലിക്കയുടെ പുറത്ത് വിമതർ ശക്തമായ പ്രതിഷേധം തുടരുകയാണ്.