വിശ്വസ്തനെ കൈവിടാതെ അവസാന നിമിഷം വരെ പ്രതിരോധം; ഒടുവിൽ തന്ത്രങ്ങളെല്ലാം പാളി, ധർമേന്ദ്ര പ്രധാന്റെ രാജി മോദി-ഷാ കൂട്ടുകെട്ടിന് കനത്ത പ്രഹരം, രാഷ്ട്രീയ തിരിച്ചടി

'മാപ്പ്, കോൺഗ്രസ് തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിച്ചു, ശിക്ഷയിൽനിന്ന് അവർക്ക് രക്ഷപ്പെടാനാകില്ല'

ന്യൂഡൽഹി: ചോദ്യച്ചോർച്ചയിൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് മന്ത്രി ധർമേന്ദ്ര പ്രധാന് രാജിവെക്കേണ്ടിവന്നത് കേന്ദ്രഭരണത്തിലെ ചോദ്യംചെയ്യപ്പെടാനാകാത്ത അധികാരകേന്ദ്രങ്ങളായ നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ടിനേറ്റ കനത്ത പ്രഹരമാണ്.

ഇരുവരുടെയും വിശ്വസ്തനായ ധർമേന്ദ്ര പ്രധാനെ രക്ഷിക്കാനുള്ള ശ്രമം അവസാനംവരെ തുടർന്നെങ്കിലും സകലനീക്കങ്ങളും പാളി. മുൻകാലങ്ങളിൽ വിജയിച്ച തന്ത്രങ്ങളൊന്നും സി.ജെ.പി. നേതൃത്വത്തിലുള്ള വിദ്യാർഥിപ്രക്ഷോഭത്തിൽ സർക്കാരിന് തുണയായില്ല. ജന്തർമന്തറിൽ സി.ജെ.പി. പ്രക്ഷോഭം തുടങ്ങിയപ്പോൾമുതൽ സമരത്തിന്റെ രാഷ്ട്രീയമാനങ്ങൾ മനസ്സിലാക്കുന്നതിലും ഇന്ത്യൻ സാമൂഹികാന്തരീക്ഷത്തിൽ ഇത് സൃഷ്ടിക്കാവുന്ന വൈകാരിക പ്രതികരണം അളക്കുന്നതിലും കേന്ദ്രസർക്കാർ പരാജയപ്പെട്ടു.

സകലപ്രതിബന്ധങ്ങളും മറികടന്ന് ജൂലായ് 21-ന് പ്രക്ഷോഭം പാർലമെന്റ് കവാടത്തിലേക്ക് എത്തിക്കാൻ വിദ്യാർഥികൾക്കായതോടെ കേന്ദ്രസർക്കാരിന്റെ കാലിടറി. സംഘടനാപിൻബലമില്ലാത്ത സി.ജെ.പി.യുടെ സമരം രാജ്യവ്യാപക മാനങ്ങൾ കൈവരിച്ചു. കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾകൂടി രംഗത്തെത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലെത്തി.

സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതോടെ പ്രശ്നങ്ങൾ തണുക്കുമെന്ന്‌ സർക്കാർ പ്രതീക്ഷിച്ചെങ്കിലും അത് അസ്ഥാനത്തായി. ധർമേന്ദ്ര പ്രധാന്റെ രാജി എന്നതിൽ വിദ്യാർഥികൾ ഉറച്ചുനിന്നു. മന്ത്രിയുടെ രാജി ഒഴികെ മറ്റാവശ്യങ്ങൾ അംഗീകരിക്കാമെന്ന വാഗ്ദാനം നൽകി സി.ജെ.പി.യെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതും പാളി.

പൊതുപരീക്ഷകളിൽ ക്രമക്കേടുകൾ നടത്തുന്നവർക്ക് ശിക്ഷ വർധിപ്പിക്കുന്നതിനുള്ള ഭേദഗതി ബിൽ പാർലമെന്റിൽ കൊണ്ടുവരാനുള്ള തീരുമാനവും വിദ്യാർഥികളെ അനുനയിപ്പാക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. നാഷണൽ ടെസ്റ്റിങ് എജൻസിയിലെ ഉടച്ചുവാർക്കൽ, ക്രമക്കേടുകളിൽ പങ്കുണ്ടെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിടൽ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റൽ തുടങ്ങി കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെ നടപടികൾ സർക്കാർ കൈക്കൊണ്ടു. അർധരാത്രി പ്രധാനമന്ത്രി രണ്ടുവട്ടം വിദ്യാർഥികളെ അഭിസംബോധന ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല. ആരോപണവിധേയനായ നരേഷ് പാൽ ഗംഗ്വാറിനെ പുതിയ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായി കൊണ്ടുവന്നത് കൂടുതൽ തിരിച്ചടിയാകുകയും ചെയ്തു. സി.ജെ.പി. സ്ഥാപകൻ അഭിജീത്ത് ദീപ്‌കെ ഇതിനെതിരേ രംഗത്തുവന്നു.

ഇതിനുപുറമേയാണ് ബി.ജെ.പി.ക്കുള്ളിലും അസ്വസ്ഥതകൾ രൂപപ്പെട്ടു തുടങ്ങിയത്. മുതിർന്ന നേതാവ് മുരളി മനോഹർ ജോഷി വിദ്യാർഥിപ്രക്ഷോഭത്തെ പരസ്യമായി പിന്തുണച്ച് രംഗത്തുവന്നു. ജോഷിയുടേത് തുടക്കം മാത്രമാണെന്നും മുതിർന്ന മന്ത്രിമാർക്കിടയിൽപ്പോലും അതൃപ്തി പടർന്നിട്ടുണ്ടെന്നും സൂചനകൾ പുറത്തുവന്നു. പ്രതിസന്ധി വഷളായാൽ പലരും പരസ്യപ്രതികരണവുമായി രംഗത്തുവരുമെന്ന നിലയായി. ബി.ജെ.പി.യുടെ നിലവിലെ നേതൃത്വത്തിന് ഭരണനേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനുള്ള ആർജവമില്ല എന്ന വിമർശനവും പാർട്ടിക്കുള്ളിൽ ഉയർന്നു.

മന്ത്രിയുടെ രാജി ബി.ജെ.പി.യിൽ ഉൾക്കലഹത്തിന് വഴിതുറന്നേക്കും. ഭരണനേതൃത്വത്തിന്റെ അധീശത്വം വരുംനാളുകളിൽ ചോദ്യംചെയ്യാൻ അതൃപ്തി ഉള്ളിലടക്കിക്കഴിയുന്ന പല മുതിർന്ന നേതാക്കളും ധൈര്യം കാട്ടിയേക്കും. ബി.ജെ.പി.യിലെയും സംഘപരിവാറിലെയും അധികാരരസതന്ത്രങ്ങളിൽ ഈ സംഭവവികാസങ്ങൾ പുതിയചേരുവകൾക്ക് കാരണമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News