ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ പ്രതിഷേധങ്ങൾ ഒരാഴ്ചക്കിടെ മോദി സർക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തിയത്. ധർമേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെടുന്ന തലത്തിലേക്ക് വളരുമെന്ന സി.ജെ.പി നേതാവ് അഭിജിത് ദിപ്‌കെ മുന്നറിയിപ്പ് നൽകിയത് വെള്ളിയാഴ്ചയായിരുന്നു.
രാജ്യത്തെ കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവിയേക്കാൾ വലുതല്ല പരാജയപ്പെട്ട ഒരു മന്ത്രിയെന്നും, അപ്രാപ്തനായ ഒരു മന്ത്രിയെ സംരക്ഷിക്കുന്നത് സർക്കാരിന് വൻ തിരിച്ചടിയാകുമെന്നും പ്രതിഷേധക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സിജെപിയുടെ നിശ്ചയദാർഢ്യത്തിനുകീഴിൽ യുവാക്കൾ തെരുവിലിറങ്ങിയപ്പോൾ അത് ബിജെപിയെ പ്രതിരോധത്തിലാക്കി.
രാജ്യമെമ്പാടുമുള്ള യുവാക്കൾ തെരുവിലിറങ്ങി പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ധർമേന്ദ്ര പ്രധാനെ പുറത്താക്കുകയല്ലാതെ മോദിക്ക് മറ്റ് വഴികളില്ലെന്ന് സി.ജെ.പി നേതാക്കൾ വാദിച്ചു. പ്രധാനമന്ത്രി സ്വന്തം സ്ഥാനത്തിന് ഭീഷണിയാകാതിരിക്കാൻ എത്രയും വേഗം വിദ്യാഭ്യാസ മന്ത്രിയെ നീക്കണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ധർമേന്ദ്ര പ്രധാൻ സ്ഥാനത്ത് തുടരുന്നത് നരേന്ദ്ര മോദിയുടെ കസേരയ്ക്ക് തന്നെ ചോദ്യചിഹ്നമായി മാറുമെന്നും സി.ജെ.പി മുന്നറിയിപ്പ് നൽകിയിരുന്നു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഈ പ്രതിഷേധം വലിയ സ്വാധീനം ചെലുത്തുമെന്ന് സി.ജെ.പി ചൂണ്ടിക്കാട്ടി. ഒരു പരാജയപ്പെട്ട മന്ത്രിക്ക് വേണ്ടി വിദ്യാർഥികളെ പിണക്കിയാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ യുവാക്കൾ സർക്കാരിന് വോട്ട് ചെയ്യില്ലെന്ന മുന്നറിയിപ്പ് ഗൗരവകരമായിരുന്നു. കോടിക്കണക്കിന് വിദ്യാർഥികളുടെ താൽപ്പര്യത്തേക്കാൾ ഒരു മന്ത്രിക്ക് മുൻഗണന നൽകുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് കണ്ടാണ് ഒടുവിൽ രാജി എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ഈ പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നു.
ധർമേന്ദ്ര പ്രധാന്റെ രാജി എന്നത് ‘വളരെ എളുപ്പം സ്വീകരിക്കാവുന്ന തീരുമാന’മാണെന്നാണ് കേന്ദ്രസർക്കാർ പറഞ്ഞിരുന്നത്. എന്നിട്ടും പ്രതിഷേധം ശക്തിപ്പെടുമ്പോഴും മന്ത്രിയുടെ രാജി ആവശ്യപ്പെടാനായി പ്രധാനമന്ത്രി തയ്യാറായില്ല. എന്നാൽ കാര്യങ്ങൾ അതിലേക്ക് എത്തുന്നുവെന്ന സൂചനയായിരുന്നു കഴിഞ്ഞ ദിവസത്തെ കേന്ദ്രമന്ത്രിമാരും സിജെപി പ്രതിനിധികളും തമ്മിലുള്ള ചർച്ചയിൽ പ്രകടമായത്. സിജെപി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളിൽ രണ്ടെണ്ണത്തിലും അപ്പോൾ തന്നെ അംഗീകരിച്ച കേന്ദ്രമന്ത്രിമാർ വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കാര്യം ചർച്ച ചെയ്യുമെന്ന സൂചനയും നൽകിയിരുന്നു. ഇന്ന് ചർച്ച നടക്കുന്നതിന് തൊട്ടുമുന്പ് മന്ത്രി രാജിവെച്ചൊഴിയുകയും ചെയ്തു.
സി.ജെ.പിയുടെ നിരന്തരമായ സമ്മർദവും യുവാക്കൾക്കിടയിൽ പ്രധാനമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് ഏറ്റേക്കാവുന്ന പോറലും ഈ നീക്കത്തിൽ നിർണായക പങ്കുവഹിച്ചുവെന്നാണ് വിലയിരുത്തലുകൾ.
English SummaryThe week-long intense protests organized by the Cockroach Janata Party (CJP) demanding the resignation of Education Minister Dharmendra Pradhan escalated into a major political challenge for the Modi government. CJP leader Abhijit Dipke warned that if Pradhan was not removed, the agitation would shift to demanding the resignation of Prime Minister Narendra Modi himself. To prevent nationwide student outrage directly targeting his leadership, PM Modi was left with little choice but to secure the Education Minister’s removal.


