സി.ജെ. റോയി നടത്തിയത് വെബ്‌കോളുകള്‍, ഫേസ് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് രഹസ്യങ്ങള്‍ ഒളിപ്പിച്ച ‘സെക്വേര്‍ഡ് ചേംബര്‍’ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്‌

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ സി.ജെ. റോയിയുടെ മരണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ് തേടി പ്രത്യേക അന്വേഷണസംഘം. ഫോണ്‍ രേഖകള്‍ പരിശോധിച്ചെങ്കിലും കാര്യമായ സൂചനകള്‍ ലഭിക്കാത്ത പശ്ചാത്തലത്തില്‍, റോയിയുടെ ഇന്റര്‍നെറ്റ് അധിഷ്ഠിത കോളുകളും ഓഫീസില്‍ നിന്ന് കണ്ടെടുത്ത രഹസ്യക്കുറിപ്പുകളും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

വെബ് കോളുകള്‍ വെല്ലുവിളിയാകുന്നു സി.ജെ. റോയിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച അന്വേഷണസംഘത്തിന് നിരാശയായിരുന്നു ഫലം. റോയി നേരിട്ടുള്ള ഫോണ്‍ കോളുകള്‍ വളരെ കുറച്ചുമാത്രമേ നടത്തിയിരുന്നുള്ളൂ എന്ന് പോലീസ് കണ്ടെത്തി. ആശയവിനിമയത്തിനായി അദ്ദേഹം പ്രധാനമായും ആശ്രയിച്ചിരുന്നത് വെബ് അധിഷ്ഠിത കോളിംഗ് പ്ലാറ്റ്ഫോമുകളെയായിരുന്നു. ഇതിനാല്‍ തന്നെ സാധാരണ നിലയിലുള്ള സി.ഡി.ആര്‍ വിശകലനത്തിലൂടെ ആരുമായാണ് അദ്ദേഹം സംസാരിച്ചതെന്ന് കണ്ടെത്തുക പ്രയാസമാണ്. യു.ആര്‍.എല്‍ നമ്പരുകള്‍ വഴി റോയിയുടെ ഇന്റര്‍നെറ്റ് ആശയവിനിമയത്തിന്റെ ചുരുളഴിക്കാനാണ് എസ്.ഐ.ടി സാങ്കേതിക വിഭാഗം ഇപ്പോള്‍ ശ്രമിക്കുന്നത്.

രഹസ്യങ്ങള്‍ ഒളിപ്പിച്ച ‘സെക്വേര്‍ഡ് ചേംബര്‍’ കണ്ടെത്തിയത് നിര്‍ണ്ണായകം. ഫേസ് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സുരക്ഷിതമാക്കിയ റോയിയുടെ ഓഫീസിലെ പ്രത്യേക മുറിയില്‍ നിന്ന് ലഭിച്ച കൈപ്പടയിലുള്ള കുറിപ്പുകള്‍ കേസില്‍ നിര്‍ണ്ണായകമാകുമെന്നാണ് സൂചന. സ്വന്തം മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കാതിരുന്ന റോയി, തന്റെ ചിന്തകളും പദ്ധതികളും ആശങ്കകളുമെല്ലാം കടലാസുകളില്‍ കുറിച്ചിടുന്ന സ്വഭാവക്കാരനായിരുന്നു. ഇത്തരത്തില്‍ കണ്ടെടുത്ത വലിയൊരു കൂട്ടം പേപ്പറുകള്‍ അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്. അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ഈ കുറിപ്പുകള്‍ വ്യക്തമായ ചിത്രം നല്‍കുമെന്നാണ് എസ്.ഐ.ടി തലവന്‍ വംശി കൃഷ്ണയുടെയും ഡി.സി.പി ലോകേഷ് ജഗലസറുടെയും വിശ്വാസം.

ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരം റോയിയുടെ മരണത്തിന് പിന്നിലെ കാരണം വളരെ ‘ലളിതമാണെന്ന്’ സൂചിപ്പിക്കുന്ന അന്വേഷണസംഘം, എന്നാല്‍ അത് എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ബെംഗളൂരു പോലീസിന്റെ അന്വേഷണ മികവില്‍ കര്‍ണ്ണാടക സര്‍ക്കാരും പൂര്‍ണ്ണ വിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ കേസില്‍ അന്തിമ നിഗമനത്തിലെത്താന്‍ കഴിയുമെന്ന് എസ്.ഐ.ടി അറിയിച്ചു.

റോയി വിഷാദത്തിന് ചികിത്സ തേടിയിരുന്നു. അതേസമയം, സി.ജെ. റോയിയുടെ മരണം അന്വേഷിക്കുന്ന കര്‍ണാടക പോലീസിന്റെ പ്രത്യേക സംഘം (ടകഠ) തെളിവെടുപ്പിനായി കൊച്ചിയിലെത്തും. കേരളത്തിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകള്‍ സംഘം പരിശോധിക്കും. ആദായനികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെ റോയി ബെംഗളൂരുവിലെ പ്രമുഖ ആശുപത്രിയില്‍വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി കുടുംബാംഗങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ബാങ്ക് വായ്പകളില്ലാതെ എങ്ങനെയാണ് വമ്പന്‍ പ്രോജക്റ്റുകള്‍ക്ക് റോയി പണം കണ്ടെത്തിയിരുന്നതെന്ന കാര്യവും എസ്.ഐ.ടി പരിശോധിക്കുന്നുണ്ട്. ചില പ്രോജക്റ്റുകളില്‍ നിക്ഷേപം നടത്തിയവര്‍ പണം തിരികെ ആവശ്യപ്പെട്ടത് അദ്ദേഹത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. റോയിയുടെ ഓഫീസിലെ രഹസ്യമുറിയില്‍ നിന്ന് ലഭിച്ച കുറിപ്പുകളും മരണത്തിന് തൊട്ടുമുമ്പ് നടത്തിയ മൂന്ന് വെബ് കോളുകളും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

The special investigation team probing the death of Confident Group Chairman C.J. Roy is now focusing on digital evidence. Since a review of standard phone records yielded no significant leads, investigators are analyzing his internet-based calls and confidential notes recovered from his office. The team aims to uncover the circumstances that led to his suicide during the Income Tax raid and determine if any external pressures played a role in the tragedy

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News