പത്തനംതിട്ട: അടൂരില്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇന്ന് രാവിലെ അടൂര്‍ ടൗണിലാണ് സംഘര്‍ഷമുണ്ടായത്. എഐടിയുസിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ രണ്ടു സിഐടിയു പ്രവര്‍ത്തകര്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസ് സ്ഥലത്തെത്തി ഇരു വിഭാഗത്തെയും നിയന്ത്രിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് രണ്ടു സിഐടിയു പ്രവര്‍ത്തകര്‍ എഐടിയുസിയില്‍ ചേര്‍ന്നത്. പിന്നാലെ ഇവര്‍ ജോലിക്ക് എത്തിയപ്പോള്‍ സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞു. ഇരുവരെയും ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സിഐടിയു. എന്നാല്‍ നേതൃത്വം ഇടപെട്ടതോടെ തര്‍ക്കം അവസാനിപ്പിച്ചു പിരിഞ്ഞു.
ഇന്ന് വീണ്ടും ഇരുവരും ജോലിക്ക് എത്തിയപ്പോള്‍ സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് വീണ്ടും പ്രകോപനമുണ്ടായത്. ഇതോടെ ഇരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും ടൗണില്‍ തമ്പടിക്കുകയായിരുന്നു.