ചെന്നൈ : പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരേ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സാമൂഹിക ഐക്യം നിലനില്‍ക്കുന്നിടത്ത് ഭിന്നിപ്പുണ്ടാക്കുന്ന സിഎഎ പോലുള്ള ഏതൊരു നിയമവും നടപ്പാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് വിജയ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
തമിഴ്‌നാട്ടില്‍ സിഎഎ നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും വിജയ് ആവശ്യപ്പെട്ടു. പാര്‍ട്ടി രൂപവത്കരിച്ച ശേഷമുളള ആദ്യ രാഷ്ട്രീയ പ്രതികരണമാണ് സിഎഎ വിഷയത്തില്‍ വിജയ് നടത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമഭേദഗതി നിലവില്‍വരുന്നവിധം വിജ്ഞാപനമിറക്കിയത്. പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും.
2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന് നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റ് പാസ്സാക്കിയിരുന്നത്. 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഒരുവര്‍ഷവും 14 വര്‍ഷത്തിനിടെ അഞ്ചുവര്‍ഷമെങ്കിലും രാജ്യത്ത് താമസിക്കുകയും ചെയ്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കും. നേരത്തെ ന്യൂട്രലൈസേഷന്‍ വഴിയുള്ള പൗരത്വം കുടിയേറ്റക്കാര്‍ക്ക് 11 വര്‍ഷത്തിലായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിരിക്കുന്ന അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ആദിവാസിമേഖലകളെ നിയമത്തില്‍നിന്ന് ഒഴിവാക്കി.
സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരില്‍നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
പൗരത്വഭേതഗതി നിയമത്തിനെതിരേ കടുത്ത പ്രതിഷേധമാണ് 2019 ല്‍ രാജ്യത്തുടനീളം നടന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തോട് കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചത്.