KeralaNews

നിപബാധിത മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം വീണ്ടും; മുൻകരുതൽ വേണമെന്ന് എൻ.ഐ.വി. പഠനം

കോഴിക്കോട്: കോഴിക്കോട്, വയനാട് ജില്ലകളിലെ പഴംതീനി വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച് പഠനറിപ്പോർട്ട്. പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി.) ഗവേഷകർ 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബർ മാസങ്ങളിൽ നിപബാധിതമേഖലകളിൽനിന്ന് ശേഖരിച്ച വവ്വാൽ സ്രവങ്ങളുടെ പരിശോധനാഫലങ്ങളിലാണ് വൈറസ് സാന്നിധ്യം വ്യക്തമായത്. വൈറസ് മനുഷ്യരിലേക്ക് ഏതുവിധത്തിലാണ് പകരുന്നതെന്ന് വ്യക്തമാകാൻ തുടർപഠനം ആവശ്യമാണെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, മണാശ്ശേരി, കുറ്റ്യാടി, കള്ളാട്, തളീക്കര, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളിൽനിന്നാണ് വവ്വാലുകളുടെ സ്രവങ്ങൾ ശേഖരിച്ചത്. 272 വവ്വാലുകളുടെ സ്രവങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 20.9 ശതമാനത്തിൽ നിപ വൈറസ് ആന്റിബോഡി സാന്നിധ്യമുണ്ടായിരുന്നു.

44 വവ്വാലുകളുടെ കരളിൽനിന്നും പ്ലീഹയിൽനിന്നും ശേഖരിച്ച സാംപിളുകളിൽ നാലെണ്ണത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തി. മുമ്പ് കേരളത്തിൽ കണ്ടെത്തിയ നിപ വൈറസുമായി 99 ശതമാനം ജനിതകസാമ്യമുള്ളവയാണ് തിരിച്ചറിഞ്ഞ വൈറസെന്നും വ്യക്തമായി. മുൻവർഷങ്ങളിൽ നടത്തിയ പരിശോധനകളിലും മേഖലയിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

രോഗം വീണ്ടും പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഫ്രന്റീയേഴ്സ് മൈക്രോബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പുനൽകുന്നു. 2018, 19, 21, 23 വർഷങ്ങളിലാണ് കേരളത്തിൽ നിപ രോഗബാധയുണ്ടായത്.

കേരളത്തിലെ നിപബാധയിൽ വൈറസ് വവ്വാലുകളിൽനിന്ന് എങ്ങനെ മനുഷ്യരിലെത്തുന്നുവെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെ മനുഷ്യർക്ക് രോഗംപകരാൻ സാധ്യതയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.

രോഗപ്രതിരോധപ്രവർത്തനങ്ങൾ വിജയത്തിലെത്താൻ രോഗംവരുന്നവഴി വ്യക്തമാകണമെന്ന് വനംവകുപ്പ് മുൻ അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ ‍ഡോ. അരുൺ സത്യൻ ചൂണ്ടിക്കാട്ടി.വവ്വാലുകൾ കടിക്കുന്ന പഴങ്ങളിൽ വൈറസ് സാന്നിധ്യം കാണുന്നുണ്ടോ എന്നുപരിശോധിക്കപ്പെടണം. രാത്രി ക്യാമറാനിരീക്ഷണം ഉൾപ്പെടെ ഇതിനാവശ്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker