ന്യൂഡല്‍ഹി: പൗരത്വം തെളിയിക്കാന്‍ ജനനരേഖകളും പരിഗണിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജനന സമയം, സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകള്‍ മതിയാകും. ഒരു പൗരനെപ്പോലും ഇതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ പൗരന്മാര്‍ അവരുടെ പഴയ തലമുറയില്‍പെട്ടവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ജനന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കേണ്ടതില്ല. സ്വന്തമായി ഒരു രേഖയും കൈവശമില്ലാത്ത നിരക്ഷരരായ ആള്‍ക്കാര്‍ക്കു സാക്ഷികളെയും പ്രാദേശികമായ തെളിവുകളും ഹാജരാക്കാന്‍ അധികൃതര്‍ തയാറാകണമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പ്രതികരിച്ചു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് മന്ത്രാലയം നിലപാട് അറിയിച്ചത്