ബോളിവുഡിലെ യുവ ഛായാഗ്രാഹകരില്‍ ഏറെ ശ്രദ്ധേയനായ ദില്‍ഷാദ് (പിപ്പിജാന്‍) കൊവിഡ് ബാധിച്ച് മരിച്ചു. കുറച്ച് നാളുകളായി കൊവിഡ് ബാധിതനായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ദില്‍ഷാദിന്റെ മരണത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്.
കപില്‍ ശര്‍മ്മ ശ്രദ്ധേയ വേഷത്തിലെത്തിയ ‘കിസ് കിസ്‌കോ പ്യാര്‍ കരു’ എന്ന അബ്ബാസ് മസ്താന്‍ ചിത്രത്തിന് ശേഷമൊരുക്കുന്ന പുതിയ തെലുങ്ക് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നതിനിടയിലാണ് അദ്ദേഹം കൊവിഡ് ബാധിതനായി ആശുപത്രിയിലായത്. ചങ്ങനാശ്ശേരി സ്വദേശിയായ ബബിതയാണ് ഭാര്യ, അമന്‍ ദില്‍ഷാദ് ആണ് മകന്‍.
എറണാകുളത്തു ജനിച്ച ദില്‍ഷാദ് പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ ശിഷ്യനായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് ഹിന്ദി സിനിമയിലെ സിനിമാട്ടോഗ്രാഫര്‍ രവിയാദവിനോപ്പം ഏറെ നാള്‍ ജോലി ചെയ്തു. ടാര്‍സന്‍- ദ വണ്ടര്‍ കാര്‍, 36 ചീന ടൗണ്‍, റെയ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഓപ്പറേറ്റിംഗ് ക്യാമറാമാന്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
‘ദി വെയിറ്റിംഗ് റൂം’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി. ‘ദ ബ്ലാക്ക് റഷ്യന്‍’ എന്ന ഇംഗ്ലീഷ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചതിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, ഗുജറാത്തി, ബോജ്പുരി, മറാത്തി തുടങ്ങിയ വിവിധ ഭാഷകളിലെ സിനിമകളില്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.