കൽപ്പറ്റ: ജോലി സമ്മർദ്ദം ഏറിയതിനെ തുടർന്ന് വയനാട് പനമരം സി ഐ കെ എ എലിസബത്തിനെ കാണാതായത് സംബന്ധിച്ച് പൊലീസിനെ പ്രതികൂട്ടിൽ നിർത്തി ചർച്ചകൾ സജീവമായിരുന്നു. പാലക്കാട് കോടതി ഡ്യൂട്ടിക്ക് പോയ എലിസബത്ത് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയതോടെ പനമരം പൊലീസിനും വീട്ടുകാർക്കും ബന്ധപ്പെടാൻ കഴിയാതെ വന്നു. പൊലീസ് അന്വേഷണത്തിൽ എലിസബത്തിനെ പിന്നീട് തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പനമരം സിഐ കെ.എ. എലിസബത്തിന് ലഘുവായ ഉത്തരവാദിത്വങ്ങൾ നൽകി സ്ഥലംമാറ്റി മുഖം രക്ഷിക്കാൻ ശ്രമിച്ചിരിക്കുകയാണ് കേരള പൊലീസ്.
സ്റ്റേഷൻ ചുമതലയിൽനിന്ന് വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് എലിസബത്തിനെ മാറ്റിയത്. സ്റ്റേഷൻ ചുമതലയിൽ ഇരിക്കവെ രാത്രിയും പകലും അടക്കം ജോലി ചെയ്യേണ്ടി വന്ന എലിസബത്തിന് ഇനി ഓഫീസ് ടൈമായ 10 മണി മുതൽ 5 മണി വരെ ജോലി ചെയ്താൽ മതിയാകും. അതുകൊണ്ട് തന്നെയാണ് അവരെ ക്രൈംബ്രാഞ്ചിലേയ്ക്ക് മാറ്റിയതും. കോടതി ഡ്യൂട്ടിക്കായി പാലക്കാടേക്ക് സി ഐ എലിസബത്ത് പോയ ദിവസം വയനാട് ജില്ലാ പൊലീസ് മേധാവി വിളിച്ച എസ്എച്ച് ഒ മാരുടെ മീറ്റിങ് ഉണ്ടായിരു ന്നു. ജില്ലയിലെ കുറ്റകൃത്യങ്ങൾ തടയാൻ എസ്‌പി വിളിച്ച യോഗത്തിൽ പനമരം സ്റ്റേഷനിൽ നിന്നും എസ്‌ഐ ആണ് പങ്കെടുത്തത്.
നിർണായക യോഗത്തിൽ സി ഐ പങ്കെടുക്കാത്തതു കൊണ്ട് തന്നെ കെ.എ എലിസബത്തിന് മെമോ ലഭിച്ചിരുന്നു. പാലക്കാട് കോടതി ഡ്യൂട്ടിക്കിടെ മെമോ ലഭിച്ചതോടെയാണ് വിഷമത്തിലായ സി ഐ മൊബൈൽ സ്വിച്ച് ഓഫ് ആക്കി തിരുവനന്തപുരത്തേക്ക് തിരിച്ചത് പിന്നീട് തിരുവനന്തപുരത്തെ വനിതാസുഹൃത്തിന്റെ വീട്ടിൽ നിന്ന് സി ഐയെ പൊലീസ് കണ്ടെത്തുകയായിരുന്നു.
പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതിയിലേക്ക് കോർട്ട് എവിഡൻസ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ പത്താം തീയതി വൈകുന്നേരം മുതലാണ് കാണാതായത്. എലിസബത്തിനെ കാണാതായതിനെ തുടർന്ന് മാനന്തവാടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു.
റിട്ടയേഡ് സിഐയായ വനിതാസുഹൃത്തിന്റെ ആനയറയിലെ വീട്ടിൽ എലിസബത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ജോലിസംബന്ധമായ സമ്മർദങ്ങളാണ് മാറി നിൽക്കാൻ കാരണമെന്നാണ് തിരുവനന്തപുരം പൊലീസിനോട് എലിസബത്ത് പറഞ്ഞത്.
എലിസബത്തിന്റെ മക്കൾ വിദേശത്ത് പഠനത്തിലാണ് നാട്ടിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉണ്ട്. വീട്ടുകാരെ നോക്കേണ്ടതുണ്ട്. ഇതിനിടയിൽ രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര വയനാട് എത്തിയപ്പോൾ സുരക്ഷ ഡ്യൂട്ടിക്ക് പോകാതെ എലിസബത്ത് അവധി എടുത്തിരുന്നു. അന്ന് ജില്ലയിലെ പൊലീസുകാർക്ക് ആർക്കും അവധി അനുവദിച്ചുന്നില്ല. എന്നാൽ മേൽ ഓഫീസർമാരെ കണ്ട് നിസഹായത വ്യക്തമാക്കി എലിസബത്ത് അവധി നേടിയെങ്കിലും സഹപ്രവർത്തകർക്കിടയിലും ഉന്നത ഉദ്യോഗസ്ഥരിലും അത് മുറുമുറുപ്പിന് വഴിവെച്ചു.
പോപ്പുലർ ഫ്രണ്ട് ഹർത്താൽ നടത്തിയപ്പോഴും കുടുംബത്തിലെ ചില ആവിശ്യങ്ങൾ കാരണം എലിസബത്തിന് സ്റ്റേഷനിൽ പോകാനായില്ല. ഇതും മേലുദ്യോഗസ്ഥരുടെ അപ്രീതി പിടിച്ചു പറ്റിയിരുന്നു. ഹർത്താൽ ദിനത്തിൽ ഒരു സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ അവധി എടുത്തത് സേനയ്ക്കുള്ളിൽ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതിനിടയിലാണ് ജില്ലയിലെ പ്രധാന പൊലീസ് ഓഫീസർമാരുടെ യോഗത്തിൽ പങ്കെടുക്കാതെ പാലക്കാട് കോടതി ഡ്യൂട്ടിക്ക് പോയത്. എന്തായാലും ജോലി സമ്മർദ്ദം കാരണം ഒരു വനിത ഓഫീസർ നാടുവിട്ടത് പൊലീസ് സേനയ്ക്കാകെ നാണക്കേട് ആയതോടെയാണ് എലിസബത്തിനെ അമിത ജോലികളിൽ നിന്നും ഒഴിവാക്കിയത്.