തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി നേരിടാൻ സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റ് വിതരണം നാളെ മുതൽ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റ് സംബന്ധിച്ച് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.
മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്…
കൊവിഡ് മഹാമാരി തീർത്ത പ്രതിന്ധിയുടെ ഭാഗമായി ആരും പട്ടിണി കിടക്കരുതെന്ന സർക്കാർ നിലപാട് നേരത്തെ തന്നെ സംസ്ഥാന സർക്കാർ എടുത്തിരുന്നു. അതിന്റെ ഭാഗമായി സൌജന്യ ക്രിസ്മസ് കിറ്റുകളുടെ വിതരണം നാളെ മുതൽ ആരംഭിക്കും. കൊവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി നൽകുന്ന ഭക്ഷ്യ കിറ്റ് ഈ മാസം ക്രിസ്മസ് കിറ്റായാണ് നൽകുന്നത്. കടല, പഞ്ചസാര, ചെറുപയർ, വെളിച്ചെണ്ണ, നുറുക്ക് ഗോതമ്പ്, മുളകുപൊടി, തുവരപ്പരിപ്പ്, തേയില, ഉഴുന്ന് എന്നിവയെല്ലാം തുണിസഞ്ചിയിലാക്കി വിതരണം ചെയ്യും.
482 കോടി രൂപയാണ് ക്രിസ്മസ് കിറ്റ് വിതരണത്തിനായി ചെലവിടുന്നത്. സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ 368 കോടി വീതമാണ് ചെലവഴിച്ചത്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നായിരുന്നു തുക ചെലവഴിച്ചത്. ഇത്തവണ ബജറ്റ് വിഹതത്തിൽ നിന്ന് കൂടി തുക അനുവദിച്ചിട്ടുണ്ട്. എല്ലാ കാർഡുടമകൾക്കും റേഷൻ കടകൾ വഴി കിറ്റ് ലഭിക്കും. 88,92,000 കിറ്റുകളാണ് വിതരണം ചെയ്യുക. ഒക്ടോബറിലെ കിറ്റ് വിതരണവും നവംബറിലെ റീട്ടെയിൽ റേഷൻ വിതരണവും ഡിസംബർ അഞ്ച് വരെ ദീർഘിപ്പിച്ചു. നവംബറിലെ കിറ്റ് വിതരണവും ഇതിനൊപ്പം തുടരും.