ചിത്രപ്രിയ നാട്ടിലെത്തിയത് ഉത്സവം കൂടാന്‍; പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തില്‍ ക്രൂര കൊലപാതകം; വഴക്കുണ്ടായപ്പോള്‍ കല്ലെടുത്ത് തലയ്ക്കടിച്ചു; കൃത്യം നടത്തിയത് മദ്യലഹരിയില്‍; ആണ്‍സുഹൃത്ത് അലന്‍ അറസ്റ്റില്‍

എറണാകുളം: മലയാറ്റൂരില്‍ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയായ ചിത്രപ്രിയ തലയ്ക്ക് പിന്നില്‍ അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ആണ്‍ സുഹൃത്ത് അലന്‍ അറസ്റ്റില്‍. കസ്റ്റഡിയിലെടുത്ത അലന്റെ അറസ്റ്റ് ഇന്ന് വൈകിട്ടോടെയാണ് കാലടി പൊലീസ് രേഖപ്പെടുത്തിയത്. സംശയത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് ചിത്രപ്രിയയുടെ മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. ശനിയാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയെ ഇന്നലെ വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെ മകളായ 19കാരിയായ ചിത്രപ്രിയ ബെംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയാണ്. അമ്പലത്തിലെ ഉത്സവം കൂടാനാണ് ചിത്രപ്രിയ ബെംഗളൂരുവില്‍ നിന്ന് മലയാറ്റൂലെത്തിയത്. എന്നാല്‍, ശനിയാഴ്ച വൈകിട്ട് മുതല്‍ ചിത്രപ്രിയയെ കാണാതായി. കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍, പിന്നീട് തിരിച്ചെത്തിയില്‍. അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

മകളെ കാണാതായതോടെ വീട്ടുകാര്‍ കാലടി പൊലീസിന് പരാതി നല്‍കി. കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് ചിത്രപ്രിയയുടെ ആണ്‍ സുഹൃത്ത് അലനെ വിളിപ്പിച്ചു മൊഴി എടുത്തത്. മൊഴിയെടുത്തശേഷം അലനെ വിട്ടയക്കുകയായിരുന്നു. അതിനിടെയാണ് ഇന്നലെ വൈകിട്ട് നാല് മണിയോടെ നാടിനെ നടുക്കി മലയാറ്റൂര്‍ നക്ഷത്ര തടാകത്തിനരികില്‍ ഒഴിഞ്ഞ പറമ്പില്‍ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുന്നത്.തലയ്ക്ക് ആഴത്തില്‍ അടിയേറ്റതായി പൊലീസിന്റെ മൃതദേഹ പരിശോധനയില്‍ തന്നെ വ്യക്തമായി. ശരീരത്തില്‍ മുറിപാടുകളും കണ്ടെത്തിയത്തോടെതന്നെ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. ഇതോടെ കൊലപാതകമെന്ന നിലയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ചിത്രപ്രിയയും ആണ്‍സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂര്‍ ജംഗ്ഷന്‍ വഴി ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യവും ഇതിനിടെ പൊലീസിന് ലഭിച്ചു. ഇതോടെ നേരത്തെ മൊഴിയെടുത്ത് വിട്ടയച്ച ചിത്രപ്രിയയുടെ ആണ്‍ സുഹൃത്ത് അലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്നുള്ള വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചുവെന്നും പൊലീസ് അറിയിച്ചു. മദ്യലഹരിയില്‍ കുറ്റകൃത്യം ചെയ്തുവെന്നാണ് പ്രതിയുടെ കുറ്റസമ്മതം. ചിത്രപ്രിയയുമായി വഴക്കുണ്ടായുപ്പോള്‍ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ചുവെന്നാണ് അലന്‍ പൊലീസിനോട് പറഞ്ഞത്. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

രണ്ട് ദിവസമായി ചിത്രപ്രിയക്കു വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളില്‍ രക്തവും പുരണ്ടിരുന്നു. ഇതോടെ വെട്ടുകല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപാതകം നടത്തിയതാകാം എന്ന നിഗമനത്തില്‍ പൊലീസ് ഇന്നലെ എത്തിയിരുന്നു.

മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളായ ചിത്രപ്രിയയെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പറമ്പിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹത്തിനു 2 ദിവസത്തെ പഴക്കമുണ്ടായിരുന്നു. ചിത്രപ്രിയയുടെ തലയ്ക്കു പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. അതുകൊണ്ടു തന്നെ സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് പൊലീസ് എത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചിത്രപ്രിയയെ കാണാതാകുന്നതിനു മുന്‍പ് ഫോണില്‍ സംസാരിച്ചവരെയായിരുന്നു കസ്റ്റഡിയില്‍ എടുത്തത്.

അന്വേഷണത്തിനിടെയാണ് പറമ്പില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും. മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.തലയില്‍ ഒന്നിലേറെ ഭാഗത്ത് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ആന്തരിക രക്തശ്രാവവും മരണ കാരണത്തിന് ഇടയാക്കിയെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. വൈകിട്ടോടെ അലന്റെ അറസ്റ്റ് കാലടി പൊലീസ് രേഖപ്പെടുത്തി. കാലടി ടൗണില്‍ ചെറിയ ജോലികള്‍ ചെയ്യുന്ന വ്യക്തിയാണ് 21കാരനായ അലന്‍. സിസിടിവിയില്‍ മറ്റ് രണ്ട് യുവാക്കളെകൂടി ദൃശ്യങ്ങള്‍ ലഭിച്ചില്ലെങ്കിലും അവര്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News