കുമളി: ചൈത്രമാസ പൗര്‍ണമിയില്‍ മംഗളാദേവിയെ തൊഴാന്‍ ആയിരക്കണക്കിനു ഭക്തരെത്തി. വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രം വര്‍ഷത്തില്‍ ഈയൊരു ദിനം മാത്രമാണ് ഭക്തര്‍ക്കു മുന്നില്‍ തുറക്കുന്നത്. കണ്ണകിയാണ് പ്രതിഷ്ഠ.രാവിലെ ആറു മണി മുതലാണ് ഭക്തരെ കയറ്റിവിട്ടു തുടങ്ങിയത്.
വൈകിട്ടു അഞ്ചു മണിക്കശേഷം ക്ഷേത്ര പരിസരത്ത് ആരെയും തുടരാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചു മണിക്ക് മുമ്പ് പൂജാരി ഉള്‍പ്പെടെ എല്ലാവരും തിരികെ മലയിറങ്ങണം. ഉച്ചക്ക് രണ്ടിന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടില്ലെന്നും അറിയിപ്പുണ്ട്.
മല കയറുന്ന ജീപ്പ് പോലെയുള്ള നാലു ചക്ര വാഹനങ്ങള്‍ മാത്രമേ അനുവദിക്കുന്നുള്ളൂ. മദ്യം, സസ്യേതര ഭക്ഷണം എന്നിവയും അനുവദിക്കില്ല.പെരിയാര്‍ വന്യജീവി സങ്കേതത്തിന് 17 കിലോമീറ്റര്‍ ഉള്ളിലായാണ് ക്ഷേത്രം. രണ്ട് വര്‍ഷത്തിനു ശേഷമാണ് ഉത്സവം ഇക്കുറി നടക്കുന്നത്. കൊവിഡ് പ്രതിസന്ധി നിലനിന്നിരുന്ന സാഹചര്യം പരിഗണിച്ച് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഉത്സവം നടത്തിയിരുന്നില്ല. 2019 ലാണ് അവസാനമായി ഉത്സവം നടത്തിയത്.