തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെതിരായ ക്യാപിറ്റൽ പണിഷ്‌മെന്റ് പരാമർശ വിവാദത്തിൽ പ്രതികരിച്ച് ചിന്താ ജെറോം. ക്യാപിറ്റൽ പണിഷ്മെന്റ് എന്ന വാക്ക് ആ സമ്മേളനത്തിൽ ആരും ഉപയോഗിച്ചിട്ടില്ലെന്നും അത് മാധ്യമസൃഷ്ടിയാണെന്നും ചിന്താ ആരോപിച്ചു.
ആലപ്പുഴയിലേത് തന്റെ ആദ്യത്തെ സമ്മേളനം ആയിരുന്നു. ആ സമ്മേളനത്തിൽ ഒരു പ്രതിനിധിയും ക്യാപ്പിറ്റൽ പണിഷ്‌മെന്റ് എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. അതു വെറും മാധ്യമസൃഷ്ടി മാത്രമാണ്. സഖാവ് വിഎസിനും പാർട്ടിക്കും ലഭിക്കുന്ന പിന്തുണയിൽ അസ്വസ്ഥരാകുന്നതുക്കൊണ്ടായിരിക്കും ഇത്തരം കുപ്രചരണങ്ങൾ മാധ്യമ പിന്തുണയോടെ ഉയർത്തിക്കൊണ്ടുവരുന്നത്. സുരേഷ് കുറുപ്പ് ഏതു സാഹചര്യത്തിലാണ് അത്തരമൊരു പരാമർശം നടത്തിയതെന്നറിയില്ല. പാർട്ടി നേതൃത്വം അത് സംബന്ധിച്ച് പ്രതികരിക്കും. ചിന്ത പറഞ്ഞു.
വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ കേരളമാകെ പ്രയാസപ്പെട്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ അനാവശ്യ വിവാദം ഉയർത്തികൊണ്ടുവരുന്നത് ദൗർഭാഗ്യകരമാണ്. ക്യാപ്പിറ്റൽ പണിഷ്‌മെന്റ് എന്ന വാക്ക് ആരും ഉയർത്തിക്കൊണ്ടുവന്നിട്ടില്ല. അത് അടിസ്ഥാനരഹിതമാണ്. ചിന്ത കൂട്ടിച്ചേർത്തു.


