തിരുവനന്തപുരം: ചിന്ത ജെറോം എഴുതിയ യാത്രാ വിവരണ പുസ്തകമായ ‘ചങ്കിലെ ചൈന’ യെ പരിഹസിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ. വായനക്കാരുടെ ഫേസ്ബുക് ഗ്രൂപ്പുകളില്‍ പുസ്തകത്തെക്കുറിച്ച് വന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള ചിന്ത ജെറോമിന്റെ യാത്രയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമെല്ലാമാണ് യാത്രാ വിവരണത്തില്‍ പറയുന്നത്. എന്നാല്‍ പുസ്തകത്തില്‍ ചൈനയെക്കുറിച്ച് നല്ലത് മാത്രം പരാമര്‍ശിച്ചെന്നും ഇതിനേക്കാളെല്ലാം മോശമായ ഒരു വശം ചൈനയ്ക്ക് ഉണ്ടെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു.
‘ചൈനയെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. ഭക്ഷണ സ്വാതന്ത്ര്യമില്ലാത്ത ഇന്ത്യയില്‍ നിന്ന് ഭക്ഷണ സ്വാതന്ത്ര്യമുള്ള ചൈനയിലേക്ക് പോയത് വരെ പറഞ്ഞു. ഒരു പ്രധാന കാര്യം പക്ഷെ വിട്ടു. ജനാധിപത്യമുള്ള ഇന്ത്യയില്‍ നിന്ന് പാര്‍ട്ടി ആധിപത്യമുള്ള ചൈനയിലേക്കായിരുന്നു യാത്ര. ജനാധിപത്യമില്ലാത്ത അപരിഷ്‌കൃത ഭരണ വ്യവസ്ഥ നില നില്‍ക്കുന്ന ചൈനയെക്കുറിച്ച് ഒന്നും പറഞ്ഞില്ല’, പുസ്തകത്തെ സോഷ്യല്‍ മീഡിയ വിമര്‍ശിച്ചു.
‘തള്ളാന്‍ മാത്രമായി ഇത്രയും എഴുതണം എന്നില്ല,ഒരു പുസ്തകത്തിനെ കുറിച്ചുള്ള എഴുത്തില്‍ അതിന്റെ ഗുണവും ദോഷവും വ്യക്തമായി എഴുതിയിരിക്കണം, അടുത്ത വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ അവാര്‍ഡിനു പരിഗണിക്കേണ്ട പുസ്തകമായിരുന്നു ഈ വര്‍ഷത്തേത് പോയി’, എന്നും സോഷ്യല്‍ മീഡിയ ഈ പുസ്തകത്തെ വിമര്‍ശിക്കുന്നു.