യുദ്ധത്തിനിടെ ചൈനയില്‍നിന്ന് ഇറാനിലേക്ക് പറന്നത് 3 ബോയിങ് 747 വിമാനങ്ങള്‍; വായുമാർഗം ആയുധങ്ങളോ?

യുദ്ധത്തിനിടെ ചൈനയില്‍നിന്ന് ഇറാനിലേക്ക് പറന്നത് 3 ബോയിങ് 747 വിമാനങ്ങള്‍; ആയുധങ്ങളോ?

ടെഹ്റാന്‍: ഇസ്രയേല്‍- ഇറാന്‍ യുദ്ധം നടക്കുന്നതിനിടെ മൂന്ന് ബോയിംഗ് 747 ചരക്കുവിമാനങ്ങള്‍ ചൈനയില്‍നിന്ന് ഇറാനിലേക്ക് പറന്നത് എന്തിനെന്ന ചോദ്യത്തിനു മുന്നിലാണ് ലോകം. വലിയ സൈനിക ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ പലപ്പോഴും ഉപയോഗിക്കുന്ന ഈ വിമാനങ്ങളില്‍, ഇസ്രയേലിനെതിരെ ഇറാന് വിന്യസിക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ ഉണ്ടാകുമോ എന്ന് ആശങ്കപ്പെടുന്നു. അതിനേക്കാളുപരി ചൈന എന്തിന് ഇറാനെ സഹായിക്കണമെന്ന ചോദ്യമാണ് ഉയരുന്നത്.

മൂന്നു ദിവസങ്ങളിലായാണ് ഈ മൂന്ന് വിമാനങ്ങള്‍ ടെഹ്റാനില്‍ എത്തിയത്. ഇറാനുനേരെ ഇസ്രയേല്‍ ആദ്യ ആക്രമണം നടത്തിയതിന് തൊട്ടടുത്ത ദിവസം, ശനിയാഴ്ചയാണ് ആദ്യത്തെ വിമാനം ചൈനയില്‍നിന്നുപുറപ്പെട്ടത്. രണ്ടാമത്തേത് ഞായറാഴ്ചയും മൂന്നാമത്തേത് തിങ്കളാഴ്ചയും ഇറാനില്‍ എത്തി. മൂന്നു വിമാനങ്ങളും ഒരേ റൂട്ടിലാണ് പറന്നത്- വടക്കന്‍ ചൈനയിലൂടെ പടിഞ്ഞാറോട്ട് കസാക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍ വ്യോമമേഖലകളിലൂടെ.

പിന്നീട് ഈ വിമാനങ്ങള്‍ ഇറാനു സമീപം റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. മൂന്നു വിമാനങ്ങളുടെയും അന്തിമ ലക്ഷ്യസ്ഥാനം ലക്സംബര്‍ഗ് എന്ന് കാണിച്ചിരുന്നെങ്കിലും വിമാനങ്ങള്‍ ഒരിക്കലും യൂറോപ്പിനടുത്തേക്ക് പോയില്ല.

ചൈനയും ഇറാനും തന്ത്രപരമായ പങ്കാളികളാണ്. അമേരിക്കന്‍ നേതൃത്വത്തിലുള്ള പാശ്ചാത്യ ക്രമത്തിനെതിരെ ഇരുരാജ്യങ്ങളിലേയും നേതൃത്വം ഒറ്റക്കെട്ടാണ്. ചൈന ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ ഭൂരിഭാഗവും ഇറാന്‍ നല്‍കുന്നു- പ്രതിദിനം ഏകദേശം രണ്ട് ദശലക്ഷം ബാരല്‍ എണ്ണ. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിലധികവും ചൈനയിലേക്കാണ് അയയ്ക്കുന്നത്.

പാശ്ചാത്യ രാജ്യങ്ങളില്‍നിന്നുള്ള എണ്ണ നിരോധനം നേരിടുന്ന ഇറാന്‍ അസംസ്‌കൃത എണ്ണ രഹസ്യമായാണ് ചൈനയ്ക്കു നല്‍കുന്നതെന്ന് പറയപ്പെടുന്നു. ‘ഡാര്‍ക്ക് ഫ്ലീറ്റ്’ എന്ന് വിളിക്കപ്പെടുന്ന ടാങ്കറുകള്‍ വഴിയാണ് ഇത് ചെയ്യുന്നത്. ഈ ടാങ്കറുകളുടെ ട്രാന്‍സ്‌പോണ്ടറുകള്‍ എപ്പോഴും ഓഫ് ചെയ്യപ്പെട്ടിരിക്കും. ഇറാനില്‍ നിന്നുള്ള ഭൂരിഭാഗം എണ്ണയും ഖാര്‍ഗ് ദ്വീപ് വഴി ഷാന്‍ഡോംഗ് മേഖലയിലെ ചെറിയ ചൈനീസ് ‘ടീപോട്ട്’ റിഫൈനറികളാണ് വാങ്ങുന്നത്. ഇറാന്റെ അസംസ്‌കൃത എണ്ണ ശുദ്ധീകരണശാലകളെ ഇതുവരെ ലക്ഷ്യമിട്ടിട്ടില്ലെങ്കിലും ഇസ്രയേല്‍ വ്യോമാക്രമണം ആരംഭിച്ചതിന് ശേഷം എണ്ണവില കുതിച്ചുയര്‍ന്നു.

ഇറാനെ ചൈന സഹായിക്കുന്നത് ഇതാദ്യമല്ല. മുമ്പ് ഇറാനു ആയിരക്കണക്കിന് ബാലിസ്റ്റിക് മിസൈല്‍ സാമഗ്രികള്‍ ചൈന നല്‍കിയിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെക്കുറിച്ച് ചൈന ‘അഗാധമായി ആശങ്കാകുലരാണെന്ന്’ പ്രസിഡന്റ് ഷി ജിന്‍പിംഗ് പറഞ്ഞു. കസാഖ് തലസ്ഥാനമായ അസ്താനയില്‍ നടന്ന ഉച്ചകോടിക്ക് എത്തിയപ്പോഴാണ് ഷി പ്രതികരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News