നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 3000 രൂപയുടെ പടക്കങ്ങള്‍ മാത്രമാണ് ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്നതെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. തോറ്റം ഇറങ്ങുമ്പോൾ പൊട്ടിക്കാൻ വാങ്ങിയതായിരുന്നു ഇവയെന്നും അവർ പറഞ്ഞു.
പുലർച്ചെ മൂന്നരയോടെയാണ് തെയ്യം ഇറങ്ങേണ്ടിയിരുന്നത്. അതിനുമുൻപാണ് തോറ്റം നടക്കുക. ഇതിന്റെ ഭാഗമായ് പടക്കം പൊട്ടിക്കുന്നത് പതിവാണ്. നിലവിൽ നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായി ചൈനീസ് പടക്കങ്ങളാണ് വാങ്ങിവെച്ചിരുന്നത്. ഇതിൽനിന്നുള്ള തീപ്പൊരിയാണ് വീരർകാവിലെ അപകടത്തിന് കാരണമായത്. വീര്യം കുറഞ്ഞ, ചൈനീസ് പടക്കമായതുകൊണ്ടാണ് ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞതും.
തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കാസർകോട് ജില്ലാ ആസ്പത്രിയിലും മറ്റ് സ്വകാര്യ ആസ്പത്രികളിലും പ്രവേശിപ്പിച്ചു.
മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആസ്പത്രികളിലേക്കും മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്കും മാറ്റി. പരിക്കേറ്റവരിൽ പ്രകാശൻ, മകൻ അദ്വൈത്, ലതീഷ് എന്നിവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രയിൽ പ്രവേശിപ്പിച്ചു.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ കൂടിനിന്നിരുന്നു. ഇവർക്കെല്ലാം പൊള്ളലേറ്റു.
വലിയ തീഗോളം പോലെ പടക്കശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു. പലർക്കും മുഖത്തും കൈകൾക്കുമാണ് പൊള്ളലേറ്റത്. വസ്ത്രങ്ങളും കത്തിപ്പോയി. ഉത്തരമലബാറിൽ കളിയാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്ന കാവുകളിലൊന്നാണിത്.