ചെന്നൈ: ചൈനീസ് അക്ഷരങ്ങള്‍ രേഖപ്പെടുത്തിയ സിലിന്‍ഡര്‍ ഒഴുകി നാഗപട്ടണം തീരത്തണഞ്ഞതിനെപ്പറ്റി തമിഴ്നാട് പോലീസ് അന്വേഷണം തുടങ്ങി. വെല്‍ഡിങ്ങിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിന്‍ഡറാണിതെന്ന് കരുതുന്നതായും അപകടസാധ്യത ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.
ചുവന്ന ചൈനീസ് അക്ഷരങ്ങളുള്ള വെള്ള സിലിന്‍ഡര്‍ ചൊവ്വാഴ്ചയാണ് നാഗപട്ടണത്തെ നമ്പിയാര്‍നഗര്‍ ഗ്രാമത്തിലെ തീരത്ത് അടിഞ്ഞത്. ഇതുകണ്ട മീന്‍പിടിത്തക്കാര്‍ ഉടന്‍തന്നെ കോസ്റ്റല്‍ സെക്യൂരിറ്റിഗ്രൂപ്പിനെ അറിയിച്ചു. ലോക്കല്‍ പോലീസും ക്യൂ ബ്രാഞ്ചും ബോംബു സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എഴുത്തുവായിക്കാന്‍ ചൈനീസ് ഭാഷ അറിയുന്നവരുടെ സഹായം തേടി.
മൂന്ന് അടി ഉയരമുള്ള ഒഴിഞ്ഞ സിലിന്‍ഡറിന് 30 കിലോഗ്രാം തൂക്കമുണ്ട്. വെല്‍ഡിങ്ങിന് ഉപയോഗിക്കുന്ന അസറ്റിലിന്‍ ഗ്യാസിന്റെ കുറ്റിയാണിതെന്നാണ് നിഗമനം. കപ്പലിലോ ബോട്ടിലോ വെല്‍ഡിങ്ങിനുവേണ്ടി കൊണ്ടുവന്ന സിലിന്‍ഡര്‍ അബദ്ധത്തില്‍ കടലില്‍വീഴുകയും ഒഴുകി തീരത്തെത്തുകയും ചെയ്തതാണെന്നാണ് കരുതുന്നത്. അപകട ഭീഷണിയൊന്നും ഇല്ലെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി തമിഴ്നാട് പോലീസ് അറിയിച്ചു.
ചാരപ്രവര്‍ത്തനത്തിനായി ചൈന പറത്തിവിട്ട ബലൂണുകള്‍ അടുത്തിടെ യു.എസ്. സൈന്യം വെടിവെച്ചിട്ടിരുന്നു. ചൈനയുടെ ചാരക്കപ്പലുകള്‍ ഇന്ത്യയെ ലക്ഷ്യംവെച്ച് ശ്രീലങ്കന്‍ തുറമുഖത്തേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ ചൈനീസ് സിലിന്‍ഡറുകള്‍ തീരത്തണഞ്ഞത് പല അഭ്യൂഹങ്ങള്‍ക്കും വഴിവെച്ചെങ്കിലും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.