34 ന് 34,50 ന് 50; ട്രംപിന്റെ പകരച്ചുങ്കത്തിന് മറുചുങ്കം പ്രഖ്യാപിച്ച്‌ ചൈന; നികുതി ഉയര്‍ന്നത് 104 ശതമാനം

ബീജിങ്: ട്രംപിന്റെ പകരച്ചുങ്കത്തിന് തിരിച്ചടിയുമായി വീണ്ടും ചൈന. ഇത്തവണ യു.എസ് ഉത്പന്നങ്ങള്‍ക്ക് 84ശതമാനമായി നികുതി ഉയര്‍ത്തിയിരിക്കുകയാണ് ചൈന. ചൈനയ്‌ക്കെതിരെ ആദ്യം 34 ശതമാനം തീരുവ ട്രംപ് ചുമത്തിയിരുന്നു. ഇതിന് തിരിച്ചടിയായി യു.എസ് ഉത്പന്നങ്ങള്‍ക്ക് ചൈനയും 34 ശതമാനം തീരുവ ചുമത്തി. എന്നാല്‍ ചൈനയുടെ പകരച്ചുങ്കത്തിന് പ്രതികാരമായി 50 ശതമാനം അധിക തീരുവ കൂടി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയാണ് ട്രംപ് മറുപടി നല്‍കിയത്. ഇതോടെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 104 ശതമാനമായി നികുതി ഉയര്‍ന്നു.

അധിക തീരുവ ഏപ്രില്‍ ഒമ്പതുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ യു.എസില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ചൈന വീണ്ടും അധിക തീരുവ പ്രഖ്യാപിച്ചു. ഇതോടെ യു.എസ് ഉത്പന്നങ്ങള്‍ക്ക് മേലുള്ള നികുതി 84 ശതമാനമായി ഉയര്‍ന്നു. ഇതിന് പുറമെ യു.എസ് കമ്പനികള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. യു.എസിന്റെ തീരുവ നയങ്ങള്‍ക്കെതിരെ ലോകവ്യാപാര സംഘടനയ്ക്ക് പരാതി നല്‍കുമെന്നും ചൈന വ്യക്തമാക്കി. 12 യു.എസ് കമ്പനികള്‍ക്കാണ് കയറ്റുമതി നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ആറ് കമ്പനികളെ വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു.

യു.എസിന്റെ തീരുവ നയം തെറ്റിനുമേല്‍ വീണ്ടും തെറ്റുചെയ്യുന്നതാണെന്നും തങ്ങളുടെ നിയമപരമായ അവകാശങ്ങളെയും താത്പര്യങ്ങളെയും ലംഘിക്കുന്നതാണെന്നും ചൈനീസ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. നിയമാധിഷ്ടിതമായ ബഹുരാഷ്ട്ര വ്യാപാര സംവിധാനത്തെ തകര്‍ക്കുന്നതാണെന്നും ചൈന വ്യക്തമാക്കി.

യു.എസിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന മിക്ക രാജ്യങ്ങള്‍ക്കും ട്രംപ് നികുതി ചുമത്തിയിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ നികുതി ചുമത്തിയത് ചൈനയ്‌ക്കെതിരെയാണ്. ഇതോടെ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാരയുദ്ധം മുറുകി. ട്രംപിന്റെ നീക്കങ്ങളോട് അവസാനം വരെ പോരാടുമെന്നാണ് ചൈന നയം വ്യക്തമാക്കിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News