ചൈനീസ് നഗരമായ ഗ്വാങ്ഷൗവിൽ 2,50,000 പേർക്ക് താമസിക്കാൻ സൗകര്യമുള്ള വൻകിട ക്വാറന്റൈൻ സൈറ്റുകളും താൽക്കാലിക ആശുപത്രികളും നിർമ്മിക്കുന്നതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. ഇതോടെ കൊവിഡ് കേസകൾ വീണ്ടും ലോകം മുഴുവൻ വ്യപിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
13 ദശലക്ഷത്തോളം വരുന്ന നിവാസികൾ താമസിക്കുന്ന ഗ്വാങ്ഷോ നഗരത്തിലാണ് ഇത്തരത്തിൽ ഒരു ക്വാറന്റീൻ സെന്റർ തുടങ്ങിയിരിക്കുന്നത്. ആദ്യം മുതൽക്കെ ഇവിടെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ശനിയാഴ്ച മാത്രം 7,000-ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ക്വാറന്റീൻ സെന്ററുകളുടെ നിർമാണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും സമാനമായ ക്വാറന്റീൻ സെന്ററുകൾ തുടങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കൊവിഡ് രോഗബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഐസൊലേഷൻ സൈറ്റുകളുടെയും താൽക്കാലിക ആശുപത്രികളുടെയും നിർമ്മാണം വേഗത്തിലാക്കിയിട്ടുണ്ട്. 2,46,407 കിടക്കകൾക്കുള്ള സ്ഥലം നിർമ്മിക്കാനുള്ള പദ്ധതികൾ ചൈന ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ സീറോ കൊവിഡ് പോളിസിയിൽ പ്രതിഷേധം ശക്തമായി വരികയാണ്. രാജ്യം വീണ്ടും കൊവിഡ് ലോക് ഡൗണിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രധാന നഗരങ്ങളിൽ നിന്നും പ്രതിഷേധം ഉയർന്നിരിക്കുന്നത്.
പ്രസിഡന്റ് ഷി ജിൻപിംഗ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പ്രധാനപ്പെട്ട ചൈനീസ് നഗരങ്ങളിൽ കൊവിഡ് വിരുദ്ധ പ്രതിഷേധം വ്യാപിച്ചിരുന്നു. സർക്കാർ വിരുദ്ധ ഒത്തുചേരലുകൾ തടയുന്നതിന് പോലീസ് റൂട്ട് മാർച്ചും നടത്തിയിരുന്നു. പ്രതിഷേധപ്രകടനങ്ങൾ നടത്തിയ ആളുകളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നുവെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊവിഡ് രോഗബാധ ചൂണ്ടിക്കാണിച്ച് മൂന്ന് വർഷക്കാലമായി രാജ്യത്ത് നിലനിൽക്കുന്ന നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം, ചൈനയുടെ പടിഞ്ഞാറൻ നഗരമായ ഷിൻജിയാങ്ങിലെ ഉറുംകിയിലുണ്ടായ അഗ്നിബാധയിൽ 10 പേർ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജനക്കൂട്ടം ലോക്ക്ഡൗണുകൾ പിൻവലിക്കണമെന്നുള്ള ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ചൈനീസ് കമ്മ്യൂണീസ്റ്റ് പാർട്ടിയ്ക്കും ഷി ജിൻപിങ്ങിനേയും വിമർശിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ ഉയർത്തിക്കാണിക്കുന്നുണ്ട്.