ലണ്ടന്‍/ബെയ്ജിങ്: വിദഗ്ധതൊഴിലാഴികള്‍ക്കുള്ള വിസയായ എച്ച്1ബിയുടെ ഫീസ് യുഎസ് 88 ലക്ഷം രൂപയാക്കി ഉയര്‍ത്തിയ സാഹചര്യത്തില്‍ ആഗോളപ്രതിഭകളെ ആകര്‍ഷിക്കാന്‍ ബ്രിട്ടനും ചൈനയും. ലോകത്തെ ഏറ്റവും മികച്ച ശാസ്ത്രജ്ഞര്‍, അക്കാദമിക്-ഡിജിറ്റല്‍ വിദഗ്ധര്‍ എന്നിവര്‍ക്കുള്ള വിസ ഫീസ് എടുത്തുകളയാന്‍ ബ്രിട്ടന്‍ പദ്ധതിയിടുന്നതായി 'ഫിനാന്‍ഷ്യല്‍ ടൈംസ്' റിപ്പോര്‍ട്ടുചെയ്തു. ആഗോള പ്രതിഭകളുടെ കേന്ദ്രമായി ബ്രിട്ടനെ മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം.
ലോകത്തെ ഏറ്റവും മികച്ച അഞ്ചു സര്‍വകലാശാലകളില്‍ പഠിച്ചവരോ അല്ലെങ്കില്‍ കീര്‍ത്തികേട്ട സമ്മാനങ്ങള്‍ കരസ്ഥമാക്കിയവരോ ആയവര്‍ക്ക് വിസാ ഫീസ് ഒഴിവാക്കാനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച തീരുമാനമെടുക്കാനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ 'ആഗോള പ്രതിഭാ കര്‍മസേന'യുണ്ടാക്കിയെന്ന് പത്രം പറഞ്ഞു. ബിസിനസ് കാര്യങ്ങളിലെ സ്റ്റാമറുടെ ഉപദേശകന്‍ വരുണ്‍ ചന്ദ്രയും ശാസ്ത്രമന്ത്രി പാട്രിക് വാലന്‍സ് പ്രഭുവുമാണ് സമിതിയുടെ അധ്യക്ഷര്‍.
ആഗോള പ്രതിഭകളെ ആകര്‍ഷിക്കാനുള്ള 'ഗ്ലോബല്‍ ടാലന്റ് വിസ' 2020-ലാണ് ബ്രിട്ടന്‍ അവതരിപ്പിച്ചത്. 766 പൗണ്ടാണ് (ഏകദേശം 91,000 രൂപ) അപേക്ഷാ ഫീസ്. അപേക്ഷകരുടെ പങ്കാളികള്‍ക്കും കുട്ടികള്‍ക്കും ഇതേ ഫീസാണ് ഈടാക്കുന്നത്. ഇതുകൂടാതെ 1,035 പൗണ്ടിന്റെ (ഏകദേശം 1.23 ലക്ഷം രൂപ) വാര്‍ഷിക ആരോഗ്യ സര്‍ച്ചാര്‍ജുമുണ്ട്. 2023 ജൂണ്‍ അവസാനംവരെ 3,901 പേര്‍ ഈ വിസ നേടിയെന്ന് 'ഫിനാന്‍ഷ്യല്‍ ടൈംസ്' പറയുന്നു.
അതിനിടെ, യുഎസിന്റെ വിസാ ഫീസ് വര്‍ധനയെക്കുറിച്ച് അഭിപ്രായം പറയാന്‍ മടിച്ച ചൈന, ലോകത്തെ പ്രൊഫഷണലുകളെ അവിടെ ജോലിചെയ്യാന്‍ ക്ഷണിച്ചു. ഒക്ടോബര്‍ ഒന്നിന് നിലവില്‍ വരുന്ന കെ-വിസ ഇത്തരക്കാരെ ഉദ്ദേശിച്ചുള്ളതാണ്. ചെറുപ്പക്കാരായ ശാസ്ത്ര, സാങ്കേതികപ്രതിഭകള്‍ക്ക് കെ-വിസ ലഭിക്കും. ഇതിന് ചൈനയില്‍ തൊഴിലുടമവേണമെന്നോ, ഏതെങ്കിലും ചൈനീസ് കമ്പനിയുടെ ക്ഷണപത്രം വേണമെന്നോ നിബന്ധനയില്ല.
കഴിഞ്ഞമാസാണ് കെ-വിസ എന്ന പുതിയ തൊഴില്‍ പെര്‍മിറ്റ് ചൈന പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച നിയമത്തില്‍ പ്രധാനമന്ത്രി ലി ചിയാങ് ഒപ്പുവെച്ചു. യുഎസിന്റെ എച്ച്1ബി വിസ പ്രയോജനപ്പെടുത്തുന്നവരില്‍ രണ്ടാംസ്ഥാനത്ത് ചൈനക്കാരാണ്; 11.7 ശതമാനം. ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരും; 71 ശതമാനം.
വാഷിങ്ടണ്‍: പുതുക്കിയ എച്ച്1ബി വിസ ഫീസിന്റെ പരിധിയില്‍നിന്ന് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആതുരശുശ്രൂഷകര്‍ (കെയര്‍ വര്‍ക്കര്‍) എന്നിവരെ ഒഴിവാക്കിയേക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് ടെയ്ലര്‍ റോജേഴ്‌സ് പറഞ്ഞതായി 'ബ്ലൂംബെര്‍ഗ്' റിപ്പോര്‍ട്ടുചെയ്തു. യുഎസില്‍ ജോലിചെയ്യാന്‍ ആഗ്രഹിക്കുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സംബന്ധിച്ച് ആശ്വാസകരമാണ് ഈ നീക്കം.
അതേസമയം, പുതുക്കിയ ഫീസായ ഒരുലക്ഷം ഡോളര്‍ (88 ലക്ഷം രൂപ) പുതുതായി എച്ച്1ബി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കേ ബാധകമാകൂ എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. നിലവില്‍ ഈ വിസയുള്ളവര്‍ക്ക് ഫീസ് ബാധകമാകില്ല. അതിനാല്‍, അവധിക്കാലം ചെലവിടാനും മറ്റുമായി യുഎസിനു പുറത്തുപോയവര്‍ തിടുക്കപ്പെട്ട് തിരിച്ചെത്തേണ്ടതില്ല. പുതിയ എച്ച്1ബി വിസ അപേക്ഷയ്ക്കുള്ള വരുമാനനിബന്ധനയില്‍ മാറ്റമുണ്ടാകും. വരുമാനം കൂടിയവര്‍ക്കേ ഈ വിസ ലഭിക്കാനിടയുള്ളൂ.
1. പുതുക്കിയ ഫീസായ ഒരുലക്ഷം ഡോളര്‍ (88 ലക്ഷംരൂപ) പുതുതായി എച്ച്1ബി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കേ ബാധകമാകൂ
2. നിലവില്‍ ഈ വിസയുള്ളവര്‍ക്ക് ഫീസ് ബാധകമാകില്ല.
3. ഒരുലക്ഷം ഡോളര്‍ (88 ലക്ഷംരൂപ) വാര്‍ഷികഫീസല്ല, ഒറ്റത്തവണയടയ്‌ക്കേണ്ട ഫീസാണ്
4. 21-മുതലുള്ള അപേക്ഷകള്‍ക്കാണ് ബാധകം
5. വിസനല്‍കുന്ന കമ്പനികളാണ് ഫീസ് അടയ്‌ക്കേണ്ടത്, ഇതിന്റെ റെക്കോഡുകള്‍ കൈവശം വെക്കണം
6. അവധിക്കാലം ചെലവിടാനും മറ്റുമായി യുഎസിനു പുറത്തുപോയവര്‍ തിടുക്കപ്പെട്ട് തിരിച്ചെത്തേണ്ടതില്ല.
7. ഫീസടച്ചില്ലെങ്കില്‍ പ്രവേശനം നിഷേധിക്കും, ദേശ താത്പര്യം നിലനിര്‍ത്തിയുള്ള പ്രത്യേകകേസുകളില്‍ ഇളവുണ്ടാകും
8. പുതിയ എച്ച്1ബി വിസ അപേക്ഷയ്ക്കുള്ള വരുമാനനിബന്ധനയില്‍ മാറ്റമുണ്ടാകും.
9. വരുമാനം കൂടിയവര്‍ക്കേ ഈ വിസ ലഭിക്കാനിടയുള്ളൂ.


