ചെന്നൈ:തെന്നിന്ത്യൻ സിനിമകളിലെ പ്രിയപ്പെട്ട നായിക നടി ആണ് തൃഷ. രണ്ട് പതിറ്റാണ്ടായി തമിഴ് സിനിമയിലെ മുൻനിര താരമായി നിലനിൽക്കുന്ന തൃഷയ്ക്ക് കേരളത്തിലും ആരാധകർ ഏറെയാണ്. ഹെയ് ജൂഡ് എന്ന ഒറ്റ മലയാളം സിനിമയിൽ മാത്രമേ തൃഷയുടേതായി ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളൂ.
തമിഴ്, തെലുങ്ക് സിനിമകളിലാണ് തൃഷ കൂടുതലും അഭിനയിച്ചത്. കരിയറിൽ ഉയർച്ച താഴ്ചകൾ ഒരുപാട് കണ്ട നടിയാണ് തൃഷ. കരിയറിൽ താഴ്ച നേരിടുന്ന ഘട്ടത്തിലാണ് പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ തൃഷ തന്റെ താരമൂല്യം തിരിച്ച് പിടിച്ചത്.
മണിരത്നം സംവിധാനം ചെയ്ത സിനിമയിൽ കുന്ദവി എന്ന കഥാപാത്രത്തെ ആണ് തൃഷ അവതരിപ്പിച്ചത്. കലക്ഷൻ റെക്കോഡ് സൃഷ്ടിച്ച സിനിമയിൽ തൃഷയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴിലെ മുൻനിര നായകൻമാരുടെയൊപ്പം തൃഷ അഭിനയിച്ചിട്ടുണ്ട്. വിജയ്, അജിത്ത് തുടങ്ങിയ സൂപ്പർ സ്റ്റാറുകളുടെ ഹിറ്റ് നായിക ആയിരുന്നു തൃഷ.
ഇപ്പോഴിതാ ഒപ്പം അഭിനയിച്ച താരങ്ങളെ പറ്റി സംസാരിച്ചിരിക്കുകയാണ് തൃഷ. നടൻമാരുടെ പേര് എങ്ങനെയാണ് കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്തിരിക്കുന്നതെന്ന് തൃഷ വ്യക്തമാക്കി. ‘എന്റെ ഫോൺ മറ്റ് പലരുടെയും കൈയിലായിരിക്കും. അവരുടെ പ്രെെവസിക്കായി താരങ്ങളുടെ ഇനീഷ്യൽ ആണ് കോൺടാക്ടിൽ സേവ് ചെയ്യാറ്’
‘ചിമ്പു നല്ല സുഹൃത്ത് ആണ്. സംസാരിച്ചാലും ഇല്ലെങ്കിലും ചിമ്പു സുഹൃത്തെന്ന നിലയിൽ എനിക്ക് സ്പെഷ്യൽ ആണ്. ധനുഷിനെ ഡി എന്നാണ് വിളിക്കാറ്. പ്രഭു എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ചിലപ്പോൾ അങ്ങനെയാണ് വിളിക്കാറ്. ഞാൻ ഡി എന്ന അക്ഷരമാണ് കോൺടാക്ടിൽ സേവ് ചെയ്തിരിക്കുന്നത്’
‘വിജയുടെ കോൺടാക്ട് നേം വി എന്നും. അജിത്ത് സാറിന്റെ നമ്പർ എന്റെയടുത്തില്ല. അദ്ദേഹം ഫോൺ അധികം ഉപയോഗിക്കാറുണ്ടെന്ന് ഞാൻ കരുതുന്നില്ല. ആര്യ റൗഡിയാണ്. അദ്ദേഹത്തിന്റെ പേര് എന്റെ ഫോണിൽ ഉള്ളത് ജാം എന്നാണ്. അവൻ പ്രാങ്ക്കാരനാണ്. എന്റെ നല്ല ബഡി ആണ്. ആര്യയെ സിനിമയ്ക്ക് മുന്നേ അറിയാം. ഒരുമിച്ച് ഷോ ചെയ്തിട്ടുണ്ട്, തൃഷ പറഞ്ഞതിങ്ങനെ’
രാംഗി ആണ് തൃഷയുടെ ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുന്നത്. പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗമാണ് തൃഷയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ.
അടുത്ത വർഷം ഏപ്രിലിൽ ആണ് സിനിമ റിലീസ് ചെയ്യുക. തൃഷയെക്കൂടാതെ ഐശ്വര്യ റായ്, വിക്രം, കാർത്തി, ജയം രവി തുടങ്ങിയവർ ആണ് സിനിമയിലെ മറ്റ് താരങ്ങൾ. ചോഴ രാജവംശത്തിന്റെ കഥ പറയുന്ന സിനിമ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
വിജയുടെ പുതിയ സിനിമയിലും തൃഷ നായിക ആയെത്തുന്നെന്ന് വിവരമുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക വിവരം അടുത്ത വർഷം അറിയിക്കുമെന്നാണ് തൃഷ പറയുന്നത്. 96, വിണ്ണെെത്താണ്ടി വരുവായ, കൊടി തുടങ്ങിയവ ആണ് തൃഷയുടെ കരിയറിലെ വൻ ജനപ്രീതി ആർജിച്ച വേഷങ്ങൾ.
ചിമ്പുവായിരുന്നു വിണ്ണെെതാണ്ടി വരുവായയിലെ നായകൻ. 96 ൽ വിജയ് സേതുപതിയും. കൊടിയിൽ ധനുഷ് ആണ് തൃഷയുടെ നായകനായത്.