ന്യൂഡൽഹി : ബിഹാറിൽ സാനിറ്ററി നാപ്കിൻ സൗജന്യമായി നൽകിക്കൂടെ എന്ന് ചോദിച്ച പെൺകുട്ടിയോട് ഐഎഎസ് ഉദ്യോഗസ്ഥ മോശം മറുപടി നൽകിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷനും നടപടി തുടങ്ങി . വിശദീകരണം തേടിയ കമ്മീഷൻ 7 ദിവസത്തിനകം മറുപടി നൽകണം എന്ന നിർദേശവും നൽകിയിട്ടുണ്ട്
സാനിറ്ററി പാഡുകൾ 20 മുതൽ 30 വരെ രൂപയ്ക്ക് നൽകാൻ സർക്കാരിന് കഴിയുമോ എന്ന ചോദ്യത്തിന് ആണ് സ്കൂൾ വിദ്യാർത്ഥിനിയെ ബിഹാറിലെ ഐഎഎസ് ഓഫീസർ അധിക്ഷേപിച്ചത്. കാലക്രമേണ കോണ്ടം അടക്കമുള്ള കുടുംബാസൂത്രണ ഉപാധികളും സർക്കാർ നല്കേണ്ടിവരുമോ എന്നായിരുന്നു ഓഫീസറുടെ അധിക്ഷേപം. എല്ലാം സർക്കാർ ചെയ്തുതരണമെന്ന് കരുതി വെറുതെയിരിക്കുന്നത് തെറ്റാണെന്നും ഓഫീസർ ഹർജോത് കൗർ ബംമ്ര പറഞ്ഞു.
“സർക്കാരിന് 20-30 രൂപയ്ക്ക് സാനിറ്ററി പാഡ് നൽകാൻ കഴിയില്ലേ” വിദ്യാർത്ഥിനി ചോദിച്ചു
“നാളെ നിങ്ങള് പറയും ജീൻസും തരാൻ. പിന്നെയത് മനോഹരമായ ഷൂസുകൾ കൂടി തന്നുകൂടേ എന്നാവും. ക്രമേണ സർക്കാർ കോണ്ടം ഉൾപ്പടെയുള്ള കുടുംബാസൂത്രണ മാർഗങ്ങളും തരുമെന്ന് നിങ്ങൾ പ്രതീക്ഷിക്കും”. ബംമ്ര മറുപടി നൽകി.
ജനങ്ങൾ വോട്ട് ചെയ്താണ് സർക്കാർ അധികാരത്തിലെത്തിയതെന്ന് വിദ്യാർത്ഥിനി ഓർമ്മിപ്പിച്ചു. “ഇത് വിവരക്കേടിന്റെ അങ്ങേയറ്റമാണ്. വോട്ട് ചെയ്യണ്ട. ഇവിടം പാകിസ്ഥാനാവട്ടെ. നീയൊക്കെ വോട്ട് ചെയ്യുന്നത് പണത്തിനും സേവനങ്ങൾക്കും വേണ്ടിയാണോ”. ഓഫീസറുടെ പ്രതികരണം.
പെൺമക്കളെ ശാക്തീകരിക്കൂ, ബിഹാറിനെ ഉന്നതിയിലെത്തിക്കൂ പരിപാടിയിലാണ് സംഭവം. വനിതാ ശിശുക്ഷേമ കോർപ്പറേഷൻ സംസ്ഥാന മേധാവിയാണ് ബംമ്ര. താൻ പറഞ്ഞതിനെ ന്യായീകരിക്കാനും ബംമ്രയുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായി. “എല്ലാം സർക്കാർ തരണമെന്ന് നിങ്ങളെന്തിനാണ് വാശിപിടിക്കുന്നത്? അങ്ങനെ വിചാരിക്കുന്നത് തന്നെ തെറ്റാണ്. നിങ്ങൾക്ക് തന്നെ കാര്യങ്ങൾ ചെയ്തൂടേ?” ബംമ്ര ചോദിച്ചു. ഒമ്പത്,പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളായിരുന്നു പരിപാടിയിൽ പങ്കെടുത്തതിലധികവും.
കുട്ടികൾ തങ്ങളുടെ സ്കൂളിലെ ശുചിമുറികളെ കുറിച്ച് പരാതിപ്പെട്ടപ്പോഴും ബംമ്രയുടെ മറുപടി സമാനമായിരുന്നു. ശുചിമുറികൾ തകർന്ന നിലയിലാണെന്നും ആൺകുട്ടികളും തങ്ങളുടെ ശുചിമുറികൾ ചിലപ്പോൾ ഉപയോഗിക്കാറുണ്ടെന്നും കുട്ടികൾ ചൂണ്ടിക്കാട്ടി. ഇതിന് ഓഫീസറുടെ മറുപടി ‘നിങ്ങളുടെ വീട്ടിലൊക്കെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറി ഉണ്ടോ’ എന്നായിരുന്നു.
ഇങ്ങനെയൊക്കെ പറയാനാണെങ്കിൽ സർക്കാർ പദ്ധതികൾ പിന്നെന്തിനാണെന്ന് കാണികളിലൊരാൾ പരിഹസിച്ചു. ചിന്തകളിൽ മാറ്റം വരുത്തണമെന്നാണ് കടുത്ത ഭാഷയിൽ ബംമ്ര പ്രതികരിച്ചത്. പിന്നെ സദസ്സിലുള്ള പെൺകുട്ടികളോട് പറഞ്ഞു. ഭാവിയിൽ നിങ്ങൾ എവിടെയെത്തുന്നത് കാണാനാണ് ഇഷ്ടമെന്ന് നിങ്ങൾ തന്നെ തീരുമാനിക്കണം. സർക്കാരിന് അതിനായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും അവർ അഭിപ്രായപ്പെട്ടു.