മഠങ്ങളില്‍ ജോലിക്കെത്തിച്ച പ്രായപൂര്‍ത്തിയാകാത്ത 11 പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ രക്ഷിച്ചു; തട്ടിപ്പ് ആധാര്‍ കാര്‍ഡില്‍ പ്രായം തിരുത്തി
തൃശൂര്‍: ആധാര്‍ കാര്‍ഡ് തിരുത്തി പ്രായം കൂട്ടിക്കാണിച്ച് ബാലവേലയ്‌ക്കെത്തിച്ച 11 പെണ്‍കുട്ടികളെ തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. തൃശൂര്‍, കോട്ടയം ജില്ലകളിലെ വിവിധ മഠങ്ങളിലേക്ക് ജോലിക്കെത്തിച്ചതായിരിന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ. ഛത്തിസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ച 18 പെണ്‍കുട്ടികളില്‍ പ്രായപൂര്‍ത്തിയാകാത്ത 11 പേരെയാണ് രക്ഷിച്ചത്. കോട്ടയം, തൃശൂര്‍ ജില്ലകളിലെ ചില മഠങ്ങളില്‍ ജോലിക്കെന്നു പറഞ്ഞാണ് ഈ പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ചത്. സംഭവം അറിഞ്ഞ് ഇവരെ കൂട്ടിക്കൊണ്ടുപോകാന്‍ തൃശൂര്‍ സ്റ്റേഷനില്‍ മഠം ഭാരവാഹികള്‍ എത്തിയിരുന്നെങ്കിലും പോലീസ് മടക്കിയയക്കുകയായിരുന്നു.
പെണ്‍കുട്ടികളെ എത്തിച്ച ഏജന്റ് ഒഡീഷ സ്വദേശിയായ നാഗേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശാഖപട്ടണം കൊല്ലം എക്സ്പ്രസില്‍ ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് നാഗേന്ദ്രന്‍ പെണ്‍കുട്ടികളുമായി തൃശൂരിലിറങ്ങിയത്. ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ ക്ഷീണാവസ്ഥയിലായിരുന്നു പെണ്‍കുട്ടികള്‍. കുട്ടികളെ കണ്ട് സംശയം തോന്നിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ റെയില്‍വേ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് സാമൂഹികനീതി വകുപ്പിനു കീഴിലുള്ള റെസ്‌ക്യു ഹോമിലെത്തിച്ച ശേഷം പോലീസ് ഇവരുടെ ആധാര്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് പ്രായം തിരുത്തിയതായി മനസിലാകുന്നത്. ആധാര്‍ കാര്‍ഡില്‍ 25 മുതല്‍ 28 വയസ് വരെ രേഖപ്പെടുത്തിയിരുന്നെങ്കിലും കാഴ്ചയില്‍ 20നു താഴെ മാത്രമേ ഇവര്‍ക്ക് പ്രായം തോന്നൂ. ഇതോടെ ക്യുആര്‍ കോഡ് സ്‌കാനര്‍ ഉപയോഗിച്ച് എല്ലാവരുടെയും ആധാര്‍ രേഖ പരിശോധിച്ചു. ഇതില്‍ നിന്നും 18 പേരില്‍ 11 പേരുടെയും പ്രായം 17ല്‍ താഴെയാണെന്നു കണ്ടെത്തി. 15 വയസ് മാത്രമുള്ള പെണ്‍കുട്ടിയും ഇക്കൂട്ടത്തില്‍ ഉണ്ടായിരിന്നു. 11 പേരില്‍ എട്ടുപേരെ കോട്ടയത്തേക്കും മൂന്നുപേരെ തൃശൂരിലേക്കുമാണു ജോലിക്കെത്തിച്ചത്.
ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തശേഷം കംപ്യൂട്ടറില്‍ വയസ് തിരുത്തി പ്രിന്റ് ഔട്ട് എടുക്കുകയാണ് ചെയ്തതെന്നു കരുതുന്നു. ഇവരുടെ വീടുകളില്‍ വിവരമറിയിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ എത്തിയാലുടന്‍ കുട്ടികളെ കൈമാറുമെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.