ലഖ്നൗ: ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ നിന്ന് തട്ടികൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി. മാതാപിതാക്കള്‍ ഉറങ്ങി കിടക്കുമ്പോള്‍ തട്ടികൊണ്ടുപോയ ഏഴു വയസുള്ള ആണ്‍കുഞ്ഞിനെ കാണാതായ സ്ഥലത്ത് നിന്ന് നൂറ് കിലോമീറ്റര്‍ അകലെ ഫിറോസാബാദിലുള്ള ബി.ജെ.പി. നേതാവിന്റെ വീട്ടില്‍ നിന്നാണ് കണ്ടെടുത്തത്.
ബി.ജെ.പി. നേതാവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ വിനീത അഗര്‍വാളും ഭര്‍ത്താവും 1.8 ലക്ഷം രൂപയ്ക്ക് രണ്ടു ഡോക്ടര്‍മാരില്‍ നിന്ന് കുഞ്ഞിനെ വാങ്ങിയെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോയി വില്‍പന നടത്തുന്ന വന്‍ സംഘത്തിന്റെ ഭാഗമാണ് ഈ ഡോക്ടര്‍മാരെന്നും പോലീസ് പറയുന്നു. ബി.ജെ.പി. നേതാവിനും ഭര്‍ത്താവിനും നിലവില്‍ ഒരു മകളുണ്ട്. ഒരു ആണ്‍ കുഞ്ഞിനെ വേണമെന്ന ആഗ്രഹത്തിലാണ് ഇവര്‍ കുഞ്ഞിനെ വാങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് മഥുര റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ നിന്ന് കുഞ്ഞിനെ ഒരാള്‍ തട്ടിക്കൊണ്ടു പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കുഞ്ഞിനെ സ്റ്റേഷനില്‍ നിന്ന് എടുത്തുകൊണ്ടു പോയ ആള്‍ അടക്കം സംഘത്തിലെ എട്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. കുഞ്ഞിനെ അതിന്റെ അമ്മയ്ക്ക് കൈമാറിയതായി യുപി പോലീസ് അറിയിച്ചു. പിടിയിലായ ഡോക്ടര്‍മാരില്‍ നിന്ന് പോലീസ് പണവും കണ്ടെടുത്തിട്ടുണ്ട്.
‘ദീപ് കുമാര്‍ എന്നയാളാണ് കുട്ടിയെ പ്ലാറ്റ് ഫോമില്‍ നിന്ന് എടുത്ത് കൊണ്ടുപോയത്. ഹത്രാസ് ജില്ലിയിലുള്ള ഒരു ആശുപത്രി കേന്ദ്രീകരിച്ചാണ് കുഞ്ഞുങ്ങളെ വില്‍പന നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. സംഘത്തിന്റെ ഭാഗമായ രണ്ട് ഡോക്ടര്‍മാരുടേതാണ് ആശുപത്രി. ദീപ് കുമാറും കുറച്ച് ആരോഗ്യ പ്രവര്‍ത്തകരും തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലുള്ള ആളുകളാണ്. ബി.ജെ.പി. നേതാവിന്റെ വീട്ടില്‍ കുഞ്ഞിനെ കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലുമാണ് റാക്കറ്റിലേക്ക് അന്വേഷണം നീണ്ടത്’ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഷ്താഖ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ആരോപണ വിധേയയായ നേതാവോ ബി.ജെ.പി. നേതൃത്വമോ തയ്യാറായിട്ടില്ല.