FeaturedHome-bannerKeralaNews

ക്ലബ് ഹൗസിന് കൂച്ചുവിലങ്ങ് ,കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ഏറെ പഴുതുകളെന്ന് ബാലാവകാശസംരക്ഷണ കമ്മീഷൻ കണ്ടെത്തൽ

തിരുവനന്തപുരം:സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ക്ലബ് ഹൗസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ നിർബാധം പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ ഉത്തരവായി. പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ക്ലബ് ഹൗസ് അംഗങ്ങളായ മുതിർന്നവർ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അവരെ അനാശാസ്യത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കമ്മീഷൻ ഇക്കാര്യം വിശദമായി പരിശോധിച്ചത്.

തുടർച്ചയായ സൈബർ പട്രോളിംഗ് നടത്തുന്നതിനും വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ നടപടികളും തടയുന്നതിനും അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ ഉൾപ്പെടുത്തി വിശദമായ മാർഗരേഖ തയ്യാറാക്കി നൽകണമെന്ന് കമ്മീഷൻ അംഗം കെ. നസീർ ചാലിയം പുറപ്പെടുവിച്ച ഉത്തരവിൽ ഐ.ടി സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ക്ലബ് ഹൗസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ അക്കൗണ്ട് എടുക്കുന്നില്ലെന്നും അവരുടെ നിലവിലുള്ള അക്കൗണ്ടുകൾ റദ്ദാക്കിയെന്നും സർക്കാർ ഉറപ്പു വരുത്തണം.

പ്രായ പരിമിതി ഇല്ലാതെ ക്ലബ്ബ് ഹൗസ് അംഗത്വമെടുക്കാമെന്നും ആർക്കും താൽപര്യമുള്ള വിഷയങ്ങൾ സംസാരിക്കാമെന്നും കമ്മീഷൻ പരിശോധനയിൽ കണ്ടെത്തി. അതേസമയം, ഗ്രൂപ്പിൽ പങ്കുവെക്കുന്ന കുട്ടിയുടെ പ്രായം, പഠിക്കുന്ന സ്ഥാപനം തുടങ്ങിയ പ്രാഥമികവിവരങ്ങൾ ഒഴികെ കുട്ടിക്ക് നേരെയുള്ള ഇടപെടലുകൾ ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനങ്ങൾ വളരെ പരിമിതമാണെന്നാണ് സാമൂഹിക മാധ്യമങ്ങളെ നിരീക്ഷിക്കുന്ന കേരള പോലീസിന്റെ സൈബർഡോം വിഭാഗം കമ്മീഷനെ അറിയിച്ചത്.

ഒരുകൂട്ടം ആളുകൾക്ക് പരസ്പരം സംസാരിക്കുവാനും സംവദിക്കുവാനും കഴിയുന്ന പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ് ഹൗസ്. രക്ഷാകർത്താവിൻ്റെ അനുവാദം കൂടാതെ നിയമപ്രകാരം 18 വയസ്സിൽ താഴെയുള്ളവർക്ക് ഇത്തരം സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിൽ ചേരാൻ കഴിയുകയില്ല എന്നിരിക്കെ, പ്രായപൂർത്തിയായവർ മാത്രമാണോ ക്ലബ് ഹൗസിൽ ചേരുന്നതെന്ന് പരിശോധിക്കുന്നതിനുള്ള ഒരു സംവിധാനവും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടില്ല. രക്ഷാകർത്താവിൻ്റെ സമ്മതം കൂടാതെ ഏതെങ്കിലും കുട്ടി ചേർന്നാൽ ആ കുട്ടിയുടെ അംഗത്വം റദ്ദാക്കുമെന്ന് കമ്പനിയുടെ നയപ്രസ്താവത്തിൽ പറയുന്നുണ്ടെങ്കിലും പ്രായം ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടില്ല.

അതിനാൽ ഒരുവിധ നിയന്ത്രണവും പ്രായഭേദവുമില്ലാതെ ആർക്കും അംഗത്വമെടുക്കാവുന്നതേ ഉള്ളൂ. മാത്രമല്ല, വ്യവസ്ഥകൾ പാലിക്കാതെ നടക്കുന്ന ചർച്ചകൾ പരിശോധിക്കുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് വ്യക്തമല്ല. ക്ലബ് ഹൗസ് ചർച്ചകൾ റെക്കോർഡ് ചെയ്യുന്നില്ല എന്നു മാത്രമല്ല, ഓരോ സെഷനും കഴിയുമ്പോൾ കണ്ടൻ്റ് ഡിലീറ്റ് ചെയ്യുന്നു. അതിനാൽ നിയമവിരുദ്ധ പ്രവൃത്തികൾ ഉണ്ടായാൽപ്പോലും കോടതികളിൽ തെളിയിക്കുക പ്രയാസമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും യോഗം വിളിച്ചു ചേർത്ത് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും ദുരുപയോഗം തടയാനുമുള്ള വിശദമായ മാർഗരേഖ തയ്യാറാകണമെന്ന് കമ്മീഷൻ ഐ.ടി സെക്രട്ടറിയോട് നിർദ്ദേശിച്ചു. നിയമലംഘനങ്ങൾ ഉണ്ടായാൽ ഐടി ആക്ട്, ഐടി (പ്രൊസീജിയർ ആൻഡ് സേഫ് ഗാർഡ്സ് ഫോർ ബ്ലോക്കിങ് ഫോർ ആക്സസ് ഓഫ് ഇൻഫർമേഷൻ ബൈ പബ്ലിക്) നിയമം 2009 എന്നിവ അനുസരിച്ച് നടപടി എടുക്കണം. ക്ലബ് ഹൗസിലെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നതിനും അവ ആവശ്യമെങ്കിൽ അന്വേഷണത്തിനും വിചാരണയ്ക്കുമായി സൂക്ഷിക്കുന്നതിനും ഐടി സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകണം.

നിയമവിരുദ്ധ നടപടികൾ ശ്രദ്ധയിൽപെട്ടാൽ 24 മണിക്കൂറിനകം നടപടി സ്വീകരിക്കാൻ പാകത്തിൽ തുടർച്ചയായി സൈബർ പട്രോളിംഗ് നടത്തണം. ക്ലബ്ബ് ഹൗസിലൂടെയുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും അതിന്റെ നിയമപരമായ ഫലങ്ങളെക്കുറിച്ചും കുട്ടികളിലും സമൂഹത്തിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും കമ്മീഷൻ നിർദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker